തളിപ്പറമ്പ് നഗരസഭയിൽ ഹെപ്പറ്റിറ്റിസ് എ രോഗം വ്യാപകമായതിനെ തുടർന്ന് ഡിഎംഒ ഡോ പീയൂഷ് എം നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ഡിഎംഒ ഡോ കെ.സി സച്ചിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘം സ്ഥലം സന്ദർശിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഡോ അനീറ്റ കെ ജോസി, ഡോ ലത, ഡോ അഷ്റഫ്, ടെക്നിക്കൽ അസിസ്റ്റന്റ് അബ്ദുൽ ജമാൽ, എപ്പിഡമിയോളജിസ്റ്റ് അഭിലാഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
തളിപ്പറമ്പ് നഗരസഭയിലെ ഒമ്പതാം വാർഡ് ഹിദായത്ത് നഗറിലെ രണ്ട് പേർ കഴിഞ്ഞദിവസം ഹെപ്പറ്റിറ്റിസ് എ ബാധിച്ച് മരണപ്പെട്ടിരുന്നു. ഒരാഴ്ച മുന്നെയാണ് ഇവർക്കു രോഗം സ്വീകരിച്ചത്. രണ്ടുപേരും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർക്ക് കരൾ അനുബന്ധ അസുഖങ്ങൾ കൂടി ഉണ്ടായിരുന്നതാണ് മരണകാരണമായതെന്നാണ് അനുമാനിക്കുന്നത്.
തളിപ്പറമ്പ് നഗരസഭയിലെ കോർട്ട് റോഡിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിലണ് രോഗം പൊട്ടി പുറപ്പെട്ടതായി കാണുന്നത്.
ഇവിടുത്തെ ടെക്സ്റ്റൈൽ ഷോപ്പ്, ട്യൂഷൻ സെന്റർ, കോംപ്ലക്സിലെ മറ്റു കടകളിലെ ജീവനക്കാർ, ഒരു ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളിലാണ് ഹെപ്പറ്റിറ്റിസ് എ ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇവിടേക്ക് പൊതുവായി വെള്ളം എടുക്കുന്ന കിണറിൽ മലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ഇ-കോളി ബാക്ടീരിയ പിന്നീട് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഹെപ്പറ്റിറ്റിസ് എ ഈ വെള്ളത്തിൽ ഉണ്ടായിരുന്നിരിക്കാം എന്ന് ഇത് സൂചിപ്പിക്കുന്നു. വെള്ളത്തിൽ നിന്ന് നേരിട്ട് ഹെപ്പറ്റിറ്റിസ് എ വൈറസിനെ വേർതിരിച്ചെടുക്കുന്നത് പ്രയാസമാണ്.
പിന്നീട് ഈ ട്യൂഷൻ സെൻററിലെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ മറ്റു കുട്ടികൾ, അവരുടെ വീടുകളിലെ ആൾക്കാർ എന്നിവർക്ക് അസുഖം പകർന്നു. ഈ ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും അസുഖം പകർന്നു കിട്ടിയ മറ്റു രോഗികളുടെ വീടുകളിലും ഈ അസുഖം പകരുന്ന സാഹചര്യമുണ്ടായി.
ഹെപ്പറ്റിറ്റിസ് എ വൈറസ് പകരുന്നത്
ഹെപറ്റിറ്റിസ് എ വൈറസ് പകരുന്നത് മലത്തിലൂടെയാണ്. രോഗബാധിതനായ വ്യക്തി ആ വ്യക്തിക്ക് രോഗലക്ഷണങ്ങൾ കാണുന്നതിന് ഒരാഴ്ച മുന്നേ തന്നെ അയാളുടെ മലത്തിലൂടെ വൈറസ് പുറത്തു പോകാൻ ആരംഭിക്കും. ഇത് രോഗലക്ഷണങ്ങൾ ആരംഭിച്ചു മൂന്ന് ആഴ്ച വരെ തുടരും.
ഈ വൈറസ് അയാൾ ഉപയോഗിക്കുന്ന കക്കൂസ് വൃത്തിയായി സൂക്ഷിക്കുന്നില്ലെങ്കിൽ അവിടെ നിക്ഷേപിക്കപ്പെടും. അതുകക്കൂസിൽ പോയ ശേഷം അയാൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈകാലുകൾ കഴുകുന്നില്ലെങ്കിൽ അയാൾ കൈകൊണ്ട് തൊടുന്ന സ്ഥലത്തും വൈറസ് പറ്റിപ്പിടിക്കും. അനുകൂലമായ സാഹചര്യത്തിൽ നാലു മുതൽ എട്ട് മണിക്കൂർ വരെ ഈ വൈറസ് ഇത്തരം അന്തരീക്ഷത്തിൽ നിലനിൽക്കും. അതിനുശേഷം മറ്റൊരാൾ ഈ ഒരു പ്രതലം തൊടുകയാണെങ്കിൽ അയാളുടെ കയ്യിലേക്ക് ഈ വൈറസ് വരും. അയാൾ വൃത്തിയായി കഴുകാതെയാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ അയാളുടെ ശരീരത്തിലേക്കും ഈ വൈറസ് കടക്കും. അങ്ങനെ അയാളും രോഗിയായി മാറും.
മലത്തിലൂടെ പുറത്തേക്ക് വരുന്ന വൈറസ് വെള്ളത്തിൽ കലർന്നാൽ മാസങ്ങളോളം വെള്ളത്തിൽ ജീവിക്കും. പുറമേ തെളിവാർന്നു കാണുന്ന വെള്ളത്തിലും ഇതേ വൈറസ് ഉണ്ടാകാം. വൈറസിനെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുകയില്ല. വെള്ളം തിളപ്പിക്കാതെയോ അല്ലെങ്കിൽ കൃത്യമായി ക്ലോറിനേറ്റ് ചെയ്ത ശുദ്ധീകരിക്കാതെയോ നേരിട്ട് ഉപയോഗിക്കുകയാണെങ്കിൽ അപ്പോഴും വൈറസ് അകത്തുകടയ്ക്കുകയും രോഗിയായി മാറുകയും ചെയ്യും. പലപ്പോഴും ജ്യൂസ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം ഇത്തരത്തിൽ തിളപ്പിക്കാതെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ജ്യൂസ് അതായത് പാർട്ടികളിലെ വെൽക്കം ഡ്രിങ്ക് പോലെയുള്ള നിന്നും പെട്ടെന്ന് തന്നെ അസുഖം പടർന്നു പിടിക്കുന്നത്. പല കുട്ടികൾക്കും ഫ്രിഡ്ജിൽ വച്ചിരിക്കുന്ന തണുത്ത വെള്ളം നേരിട്ട് കുടിക്കുന്ന ശീലമുണ്ട് പലപ്പോഴും ഫ്രിഡ്ജിലേക്ക് തണുത്ത വെള്ളം വയ്ക്കുന്നത് തിളപ്പിക്കാതെയാണ് അതുകൊണ്ട് അതിൽ നിന്നും അസുഖം ഉണ്ടാകാറുണ്ട്.
ഹെപ്പറ്റിറ്റിസ് എ തടയാൻ മൂന്ന് കാര്യങ്ങൾ
1. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ജ്യൂസ് പോലെയുള്ള പാനീയങ്ങൾ തയ്യാറാക്കുന്നതിനും ഇത്തരം വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക
2. ടോയ്ലറ്റിൽ പോയതിന് ശേഷം കൈകാലുകൾ സോപ്പിട്ട് വൃത്തിയായി കഴുകുക. ടോയ്ലറ്റ് വൃത്തിയായി അണുനാശിനി ഉപയോഗിച്ചു കഴുകി സൂക്ഷിക്കുക
3. ഹെപ്പറ്റിറ്റിസ് എ രോഗം സ്ഥിരീകരിക്കുന്നവർ കുടുംബാംഗങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും മൂന്നാഴ്ചത്തേക്ക് അകന്ന് നിൽക്കുക.