കണ്ണൂർ.ഓൺലൈൻ ഷെയർ ട്രേഡിംഗിൽ വൻ ലാഭവിഹിതം വാഗ്ദാനം നൽകി ചെറുതാഴംഏഴിലോട് അറത്തിപറമ്പ് സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥൻ്റെ ഒരു കോടി 76 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിലെ രണ്ടു പേർ പിടിയിൽ. കർണ്ണാടക കുടക് ബട്ടഗിരി സ്വദേശികളായ ടി. എ.അനീഫ് (31), മുഹമ്മദ് സഹദ് (23) എന്നിവരെയാണ്
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാളിവാൾ ഐപിഎസി ന്‍റെ നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കീർത്തി ബാബുവിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘംഅറസ്റ്റ് ചെയ്തത്. ഇതുവരെയായി ഈ കേസിൽ 22 പ്രതികളിൽ 7 പേരെ അറസ്റ്റ് ചെയ്തു. യൂ ട്യൂബ് വഴി പരിചയപ്പെട്ട പ്രതികൾ വൻ ലാഭവിഹിതം വാഗ്ദാനം നൽകി ചൈന, കമ്പോഡിയ, ഹോങ്കോങ്ങ് ഇൻ്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരൻ്റെപയ്യന്നൂർ പെരുമ്പയിലെ ഒരു ബേങ്കിൻ്റെ അക്കൗണ്ട് വഴി ലക്ഷങ്ങളാണ് പ്രതികൾക്ക് കൈമാറിയത്.കൂടാതെ കർണ്ണാടക ഉഡുപ്പിയിൽ താമസിക്കുന്ന പരാതിക്കാരൻ്റെ ഭാര്യയുടെയും മകളുടെയും പണവും വിവിധ അക്കൗണ്ടുകളിൽ നിന്നും പ്രതികളുടെ പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ഗോവ തുടങ്ങി പ്രതികളുടെ ബേങ്ക് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്.
അതേ സമയം സിബിഐ ചമഞ്ഞ് റിട്ട. ബേങ്ക് ഉദ്യോഗസ്ഥനും പ്രവാസിയുമായ തളിപ്പറമ്പ് ആന്തൂർ മൊറാഴ സ്വദേശിയുടെ മൂന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ പോലീസിന്‍റെ ഇടപെടലിലൂടെ 32 ലക്ഷം രൂപ തിരികെ ലഭിക്കുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ 1930 നമ്പറിൽ വിളിക്കുകയോ cybercrime.gov.in എന്ന വെബ്സൈറ്റില്‍ പരാതിപ്പെടുകയോ ചെയ്യണമെന്ന് പോലീസ് അറിയിക്കുന്നു.