കണ്ണൂർ. വയോധിക പരിചരിക്കാനെത്തി അഞ്ചര പവൻ്റെ ആഭരണങ്ങളും പണവുമായി കടന്നു കളഞ്ഞ ഹോം നഴ്സ് പിടിയിൽ. ഹോം നഴ്സ്പാലക്കാട് കൊടുമ്പ് സ്വദേശിനി ജി.മഹേശ്വരി (43)യെയാണ് സിറ്റി സ്റ്റേഷൻ എസ്.ഐ.ധന്യാകൃഷ്ണൻ അറസ്റ്റു ചെയ്തത്. മോഷണത്തിന് ശേഷം സ്ഥലം വിട്ട യുവതിയെ പാലക്കാടിന് സമീപം വെച്ചാണ് പോലീസ് പിടികൂടിയത്. വീട്ടുടമകണ്ണൂർ
സിറ്റി വെത്തില പള്ളിവയലിലെ നൗഷാദ് മൻസിലിൽ യു.പി.നൗഷിബയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. ജോലിക്കെത്തിമൂന്നാഴ്ചക്കുള്ളിലായിരുന്നു സംഭവം.
ഇക്കഴിഞ്ഞ 11 നും 13 ന് ഉച്ചക്ക് 1.26 മണിക്കും ഇടയിലുള്ള സമയം വെത്തിലപള്ളിവയലിൽ പരാതിക്കാരിയും മാതാവും താമസിക്കുന്ന വീട്ടിൽ മാതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്സായ പ്രതി മാതാവിൻ്റെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച അഞ്ചര പവൻ്റെ ആഭരണങ്ങളും 3200 രൂപയും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ സൈബർ സെല്ലിൻ്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയതു.