തലശേരി: ജില്ലാ സ്കൂള്‍ കായിക കിരീടം പയ്യന്നൂര്‍ ഉപജില്ല നിലനിര്‍ത്തി. 29 സ്വര്‍ണവും 31 വെള്ളിയും 24 വെങ്കലവും നേടി 301 പോയിന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പയ്യന്നൂരിന്റെ തേരോട്ടം. എട്ടു സ്വര്‍ണവും ഏഴു വെള്ളിയും എട്ട് വെങ്കലവുമായി 78 പോയിന്റോടെ മട്ടന്നൂര്‍ രണ്ടാം സ്ഥാനവും ആറ് സ്വര്‍ണവും എട്ട് വീതം വെള്ളിയും വെങ്കലവുമായി 67പോയിന്റോടെ ഇരിക്കൂര്‍ മൂന്നാം സ്ഥാനവും നേടി. മികച്ച സ്കൂളുകൾക്കുള്ള ആദ്യ മൂന്നു സ്ഥാനങ്ങളിലും പയ്യന്നൂര്‍ ഉപജില്ലയിലെ സ്കൂളുകൾ തന്നെ.
കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 11 വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി 99 പോയിന്റുമായി സ്കൂളുകളിൽ ഒന്നാമതെത്തി.അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവുമായി 67 പോയിന്റുമായി പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും നാലു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമായി 36 പോയിന്റുമായി മാത്തിൽ ഗവ. ഹയർ സെക്ക ൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യദിനം മുതല്‍ പയ്യന്നൂര്‍ ഉപജില്ലയായിരുന്നു ബഹുദൂരം മുന്നിട്ടുനിന്നത്. രണ്ടാം ദിവസം 28 ഇനങ്ങള്‍ ബാക്കിനില്‍ക്കെ പയ്യന്നൂര്‍ വിജയം ഉറപ്പിക്കുകയും ചെയ്തു.
17 റിക്കാർഡുകള്‍
മൂന്നു ദിവസത്തെ കായിക മേളയിയില്‍ 17 റിക്കാർഡുകളാണ് പിറന്നത്. സമാപന ദിവസമായ ഇന്നലെ മൂന്നു റിക്കാർഡുകൾ തിരുത്തിയെഴുതി. ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കണ്ണൂർ ജിവിഎച്ച്എസിലെ അഞ്ജന സാബു 1.07.32 സെക്കന്റിൽ പുതിയ സമയം കുറിച്ചു. അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ ദിവ്യ ബാബുവിന്റെ 1.09.82 എന്ന റിക്കാർഡാണ് തകര്‍ത്തത്. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡിൽസില്‍ പ്രാപ്പൊയില്‍ ഗവ. എച്ച്എസ്എസിലെ അലന് രാജേഷ് പുതിയ മീറ്റ് റിക്കാർഡ് കുറിച്ചു. 57.27 സെക്കൻഡ്. മാത്തിൽ ജിഎച്ച്എസ്എസിലെ ഗോകുല്‍ ആനന്ദിന്റെ 59.13 സെക്കന്റാണ് പഴങ്കഥയായത്. ജൂനിയര്‍ ആൺകുട്ടികളുടെ 200 മീറ്ററിൽ കടന്നപ്പള്ളി ജിഎച്ച്എസ്എസിലെ ടി.കെ ശ്രീനന്ദ് 23.21 സെക്കന്റിൽ ഓടിയെത്തി റിക്കാർഡ് തിരുത്തി. മാത്തിൽ ജിഎച്ച്എസിലെ എന്‍.വി. അജലിന്റെ 23.66 സെക്കന്റാണ് വഴിമാറിയത്.