മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയിൽ. നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയതോടെയാണ് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചു.
രണ്ടാഴ്ച മുമ്പ് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ഏക പ്രതിയായി കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റും സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ മാത്രമാണുള്ളത്. ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എ.ഡി.എമ്മിനുള്ള യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് നവീൻബാബു ജീവനൊടുക്കിയതെന്നും അധികാരവും പദവിയും അവർ ദുരുപയോഗം ചെയ്തെന്നും കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.