ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി കണ്ണൂര്‍ മുഴപ്പിലങ്ങാട് പാച്ചകര വാര്‍ഡ് ഒന്നില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വര്‍ധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജനപ്രതിനിധികള്‍, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ ഏകോപനത്തോടെയാണ് മോക്ഡ്രില്‍ നടന്നത്. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവര്‍ത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ മോക്ഡ്രില്ലില്‍ പൂര്‍ത്തികരിച്ചു.
അതിതീവ്ര ചുഴലിക്കാറ്റ് തെക്കു കിഴക്കന്‍ അറബിക്കടലില്‍ കണ്ണൂര്‍ – കൊച്ചി തീരത്തിന് സമീപം സ്ഥിതി ചെയ്യുന്നുണ്ടെന്നും രാവിലെ പത്തിനും 11 നും ഇടയില്‍ ആലപ്പുഴയ്ക്കും ചാവക്കാടിനും ഇടയില്‍ കൊച്ചിയ്ക്കു സമീപം മണിക്കൂറില്‍ പരമാവധി 210 കിലോമീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കണ്ണൂര്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് അപകട സാധ്യതാ സന്ദേശം ലഭിച്ചു. തുടര്‍ന്ന് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ ജാഗരൂകരാകാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്നും മുഴപ്പിലങ്ങാട് വില്ലേജ് ഓഫീസുകളിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിവരം കൈമാറി. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ പെര്‍ഫെക്റ്റ് ഇംഗ്ലീഷ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കുവാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ജനങ്ങളോട് ജാഗ്രത പുലര്‍ത്താനും ബീച്ചുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കാനും കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടാനും നിര്‍ദേശിച്ചു. മൈക്ക് അനൗണ്‍സ്മെന്റ് വഴി തീരദേശ വാസികള്‍ക്ക് സുരക്ഷിതരായി ക്യാമ്പില്‍ എത്തിച്ചേരാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി.
വില്ലേജ് ഓഫീസര്‍ ഇന്‍ചാര്‍ജ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവര്‍ സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനവും ആളുകളെ ഒഴിപ്പിക്കാനും ആരംഭിച്ചു. പോലീസും ജനപ്രതിനിധികളും ബീച്ച് പരിസരങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിതമായി ക്യാമ്പില്‍ എത്തിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം അംഗങ്ങള്‍ ആംബുലന്‍സില്‍ എത്തിച്ച കിടപ്പ് രോഗികള്‍ക്ക് മെഡിക്കല്‍ ടീം അംഗങ്ങള്‍ പ്രഥമ ശുശ്രൂഷ നല്‍കി. ആകെ 30 കുടുംബങ്ങളില്‍ നിന്നായി 115 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കുപറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡുകാരാണ് മോക്ഡ്രില്ലില്‍ പങ്കാളികളായത്. പ്രദേശവാസികള്‍ക്ക് മോക്ഡ്രില്‍ സംബന്ധിച്ച വിവരങ്ങള്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത, വില്ലേജ് ഓഫീസര്‍ ഇന്‍ചാര്‍ജ് ജാഫര്‍ സാദിഖ്, സിവില്‍ ഡിഫന്‍സ് അംഗം സുനില്‍കുമാര്‍, ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ ഒ. കെ രജീഷ്, പോലീസ് എസ് ഐ എന്‍. ജിതേഷ്, മെഡിക്കല്‍ ഓഫീസര്‍ മേഘ മോഹന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഫൈസല്‍ വള്ളിയോട്ട് എന്നിവര്‍ വിശദീകരിച്ചു. കണ്ണൂര്‍ തഹസില്‍ദാര്‍ എം. കെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ മോക്ഡ്രില്‍ അവലോകനം ചെയ്തു. എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും ഏകോപനം മികച്ച രീതിയിലാണ് നടന്നതെന്നും ഉദ്യോഗസ്ഥര്‍ക്കും സേനാ അംഗങ്ങള്‍ക്കും കാര്യക്ഷമമായി സജ്ജമാകാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.