പയ്യന്നൂർ.റോഡരികിലെ സ്ലാബിൽ തലയിടിച്ച് വീണ വയോധികക്ക്
രക്ഷകരായത് നഗരസഭയിലെ താൽക്കാലിക ജീവനക്കാരായ മീനയും സജിനയും.കഴിഞ്ഞ ദിവസം പയ്യന്നൂർ കിഴക്കെ കണ്ടങ്കാളിയിലെ കെ.വി സത്യവതിക്കാണ്പഴയ ബസ് സ്റ്റാൻ്റിന് സമീപം അപകടം പറ്റിയത്. സഹോദരൻ്റെ മകൻ്റെ കുട്ടിയുടെ ഇരുപത്തിയെട്ടാം പിറന്നാൾ ചടങ്ങിന് പോകുമ്പോഴായിരുന്നു അപകടം. പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിൽ ഓട്ടോയിലെത്തിയ സത്യവതി അവിടയിറങ്ങുകയും പിന്നീട് സെൻ്റ്മേരീസ് സ്കൂളിന് മുന്നിലെ റോഡിലൂടെ ബി.കെ.എം ജംഗ്ഷനിലേക്ക് നടന്ന് പോകവേയാണ് കാലിടറി താഴെ വീണത്. വീഴ്ചയിൽ സ്ലാബിൽ തലയിടിക്കുകയും നെറ്റിയിൽ പൊട്ടുകയും ചെയ്തു. രക്തമൊലിച്ച് നിലത്തു കിടന്ന സത്യവതിയെ ആരും സഹായിക്കാനെത്തിയില്ല. അപ്പോഴാണ് സെൻ്റ് മേരീസ് സ്കൂളിന് സമീപം ജോലി ചെയ്ത് കൊണ്ടിരുന്ന നഗരസഭയിലെ ക്ലീനിങ്ങ് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരായ മീനയും സജിനയും വയോധിക നിലത്ത് വീണ നിലയിൽ കണ്ടത്.
വീണു കിടന്ന സത്യവതിയെ പിടിച്ചിരുത്തുകയും അതുവഴി വന്ന ഓട്ടോ തെഴിലാളിയുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിക്കുകയും ചെയ്തു.
വീഴ്ചയിൽ സത്യവതിയുടെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റിരുന്നു. എട്ട് തുന്നലാണ് വേണ്ടി വന്നത്. മുഖത്തും കാലിനും ചതവും പറ്റി.
സംഭവമറിഞ്ഞ നഗരസഭാ ചെയർപേഴ്സൺ കെ.വി ലളിത താൽക്കാലിക തൊഴിലാളികളായ ഇരുവരേയും തൻ്റെ ചേമ്പറിലേക്ക് വിളിച്ച് വരുത്തുകയും അനുമോദിക്കുകയും ചെയ്തു.
നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ, സെക്രട്ടറി എം.കെ.ഗിരീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്യാം കൃഷണൻ എന്നിവരും സന്നിഹിതരായിരുന്നു.ഇതിനിടെ
തങ്ങൾ രക്ഷപ്പെടുത്തിയ അമ്മയെ കാണാനായി മീനയും സജിനയും കിഴക്കെ കണ്ടങ്കാളിയിലെ വീട്ടിലെത്തി.
തന്നെ ജീവിതത്തിലേക്ക്
തിരികെ കൈപിടിച്ചു കയറ്റിയ മീനയെയും, സജിനയെയും
മധുരം നൽകിയാണ് സത്യവതി സ്വീകരിച്ചത്.
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി നഗരസഭയിലെ ക്ലീനിംഗ് വിഭാഗത്തിൽ താല്ക്കാലിക ജോലി നോക്കുന്ന മീന തായിനേരി പള്ളി ഹാജി റോഡിന് സമീപത്തും, സജിന അന്നൂർ കനിയകുളത്തുമാണ് താമസം.