ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനത്തിന് മന്ത്രിതല യോഗം വിളിച്ചു ചേർക്കും.
ഇരിക്കൂർ :വിവിധ സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന സർക്കാർ കാര്യാലയങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് ഇരിക്കൂറിൽ സിവിൽ സ്റ്റേഷൻ നിർമ്മാണം യാഥാർത്ഥ്യമാക്കുമെന്ന് അഡ്വക്കേറ്റ് സജീവ് ജോസഫ് എം എൽ എ പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്തുള്ള റജിസ്ത്രാഫീസിൽ പ്രായമായവർക്ക് കയറാൻ പോലും സാധിക്കുന്നില്ല. വിശാലമായ ഗ്രാമപഞ്ചായത്ത് ഓഫീസുൾപ്പെടെ ഒരു കുടക്കീഴിൽ കൊണ്ടുവരും. അമ്പതിലധികം വർഷം പഴക്കമുള്ള ഇരിക്കൂർ പാലത്തിന് പകരം പുതിയ പാലം നിരവധി നിർമ്മിക്കുന്നതിന് സംസ്ഥാന- കേന്ദ്ര പദ്ധതികൾ വഴി ശ്രമം തുടരും. നേരത്തെ പഞ്ചായത്തിൻ്റെ അധികാര പരിധിയിലുണ്ടായിരുന്ന ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം ബ്ലോക് പഞ്ചായത്ത് ഏറ്റെടുത്തത് മുതൽ താളം തെറ്റിയിരിക്കുകയാണ്. 12 കോടിയുടെ നബാർഡ് ഫണ്ട് മുഖേനയുള്ള നിർമ്മാണ പ്രവൃത്തികൾ ഇഴയുകയാണ്. കിടത്തി ചികിത്സാ വിഭാഗം അടച്ചു പൂട്ടി. താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനത്തിന് ആരോഗ്യമന്ത്രിയുടെ സാനിധ്യത്തിൽ സർവകക്ഷിയോഗം വിളിച്ചു ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ടി സി ഇബ്രാഹിം സ്മാരക കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പിഫാത്തിമ അധ്യക്ഷത വഹിച്ചു. വികസന രംഗത്ത് നിലവിലെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതിനും പുതിയ കാലത്തിനനുസൃതമായ പദ്ധതികൾ ആരംഭിക്കുന്നതിനും അനുസൃതമായ ഫണ്ട് ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ കാര്യമായ പിന്തുണ ലഭിക്കാത്തത് തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും മണ്ണൂർ പാലം സൈറ്റിൽ ഓപ്പൺ ജിമ്മും ഹാപ്പിനസ് പാർക്കും മാമാനം നിലാമുറ്റം തീർത്ഥാടന പാതയിൽ വിളക്കുകളും സ്ഥാപിക്കുന്നതിന് ഫണ്ട് വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം എൻപി ശ്രീധരൻ മുഖ്യാതിഥിയായി. സെക്രട്ടറി എം വി മോളി സ്വാഗതം പറഞ്ഞു. കരട് പദ്ധതി വികസനകാര്യ ചെയർ പേഴ്സൺഎൻ കെ കെ മുഫീദയും വികസന പരിപ്രേക്ഷ്യം കെ കെ കുഞ്ഞിമായനും അവതരിപ്പിച്ചു. ബ്ലോക് പഞ്ചായത്തംഗം സി വി എൻ യാസറ,സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ടി നസീർ , എൻ കെ സുലൈഖ ടീച്ചർ അംഗങ്ങളായ എം പി ശബ്നം, ടി സി നസിയത്ത് ടീച്ചർ, എം പി അഷറഫ്, എം വി മിഥുൻ, കെ കവിത പ്രസംഗിച്ചു. പഞ്ചായത്ത് പ്ലാൻ ക്ലർക്ക് കെ ശർമിന നന്ദി പറഞ്ഞു.