കേന്ദ്രത്തിൻ്റേത് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇതിനെതിരെ നടത്തുന്നത് ശക്തമായ പോരാട്ടം ആണെന്നും അദ്ദേഹം പറഞ്ഞു.
ബദൽ നയം നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കേരളത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തിന് കൃത്യമായി നികുതി വിഹിതം ലഭിക്കുന്നില്ല. കേരളത്തിൻ്റെ വികസനം തടയാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ഗവർണ്ണറെ ഉയോഗിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമങ്ങൾ നടന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇപ്പോഴും അത്തരം നീക്കങ്ങൾ തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത് എന്നുപറഞ്ഞ അദ്ദേഹം ബിജെപി സമീപനത്തെ അനുകൂലിക്കുന്ന നിലപാടാണ് കോൺഗ്രസ്സിന് ഉള്ളത് എന്നും വിമർശിച്ചു.
നാല് സീറ്റും കുറച്ച് വോട്ടും മാത്രമാണ് കോൺഗ്രസ്സിൻ്റെ ലക്ഷ്യം. അധികാരത്തിന് വേണ്ടി മാത്രമാണ് കോൺഗ്രസ്സ് നിലകൊള്ളുന്നത്. വർഗ്ഗീയ ശക്തികൾക്ക് ഇടം കൊടുക്കാത്ത ഏക സംസ്ഥാനമാണ് കേരളം. വർഗ്ഗീയ സംഘടനകൾ സംസ്ഥാന സർക്കാറിനെതിരെ കുപ്രചാരണം നടത്തുന്നു.
മതരാഷ്ടം വേണമെന്ന് ചിന്തിക്കുന്ന ശക്തികൾ മതനിരപേക്ഷ ശക്തികളെ തകർക്കാൻ ശ്രമിക്കുന്നു.ആർഎസ്സ്എസ്സും ജമാഅത്ത ഇസ്ലാമിയും സി പി ഐ എമ്മിനെതിരെ ഒന്നിച്ചു നീങ്ങുന്നു.ഏത് മാർഗ്ഗത്തിലൂടെയും അധികാരത്തിൽ വരാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്.അതിൻ്റെ ഭാഗമാണ് വർഗ്ഗീയ ശക്തികളുമായുള്ള കൂട്ടുകെട്ട്.എൽഡിഎഫ് ഭരണം തുടർന്നാൽ തിരിച്ചടിയാകുമെന്ന് വർഗ്ഗീയ ശക്തികൾക്കറിയാമെന്നും വർഗ്ഗീയ ശക്തികളെ ഒപ്പം അണിനിരത്തുകയാണ് മുസ്ലീം ലീഗ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.