കണ്ണൂർ:റെയിൽവേ ഫുട് ഓവർബ്രിഡ്ജ് പുനർനിർമാണത്തിൽ റെയിൽവേഅധികാരികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ സമര രംഗത്തിറങ്ങുമെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ ടി സഹദുള്ള പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു.
പഴയ ബസ്റ്റാൻഡ് ഭാഗത്തുനിന്നും മുനീശ്വരൻ കോവിൽ ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിന് ജനങ്ങളുടെ ഏക ആശ്രയമാണ് ഇപ്പോൾ തടയപ്പെട്ടിരിക്കുന്നത്.അറ്റകുറ്റപ്പണിക്കെന്ന പേരിൽ അടച്ചിട്ട ഈ മേൽപ്പാലം ഇപ്പോൾ മുഴുവൻ പൊളിച്ചു നീക്കി പുതുതായി നിർമ്മിക്കും എന്നാണ് റെയിൽവേ അധികാരികൾ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള പ്രാഥമിക നടപടികൾ പോലും എവിടെയും എത്തിയിട്ടില്ല.
ഈ നടപ്പാത ഇല്ലാത്തതിനാൽ കണ്ണൂർ നഗരത്തിൽ എത്തേണ്ട പഴയ ബസ്റ്റാൻഡ് ഭാഗത്ത് ബസ് ഇറങ്ങി വരുന്ന യാത്രക്കാർ ഒരുപാട് കഷ്ടതകൾ അനുഭവിക്കുകയാണ്. ഇത് മൂലംഅവർക്ക് സമയനഷ്ടവും ധനനഷ്ടവും ആണ്. ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ കണ്ടില്ലെന്ന് നടിക്കുന്ന റെയിൽവേ അധികൃതരെ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇത് സംബന്ധിച്ച് കോർപ്പറേഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിക്ക് പിന്തുണ നൽകുമെന്നും അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കണമെന്നും മുസ്ലിം ലീഗ് ഡിവിഷനിൽ റെയിൽവേ മാനേജർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതോടൊപ്പം ഇപ്പോൾ കണ്ണൂർ ഷൊർണൂർ റൂട്ടിൽ താൽക്കാലികമായി ഓടിക്കൊണ്ടിരിക്കുന്ന സ്പെഷ്യൽ ട്രെയിൻ (06031, 06032) സ്ഥിരം ട്രെയിനാക്കി നിലനിർത്തി ഈ റൂട്ടിലെ യാത്രക്കാർ ഇപ്പോൾ അനുഭവിക്കുന്ന യാത്ര ക്ലേശത്തിന് അല്പമെങ്കിലും പരിഹാരം ഉണ്ടാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.റെയിൽവേ ഡിവിഷനൽ മാനേജർക്ക് വേണ്ടി കണ്ണൂർ സ്റ്റേഷൻ മാനേജർ സജിത് കുമാറിനാണ് നിവേദനം കൈമാറിയത്.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ അഡ്വ. എംപി മുഹമ്മദലി ,ബി കെ അഹമ്മദ്,പള്ളിക്കുന്ന് മേഖല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നസീർ ചാലാട്എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.