പയ്യന്നൂർ: വിവാഹത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിൽ നിന്ന് എത്തി പയ്യന്നൂരിലെ ഹോട്ടലിൽ താമസിച്ച ഡോക്ടറുടെ ആറ് പവൻ സ്വർണ ആഭരണങ്ങൾ കവർച്ച ചെയ്തു.
കാഞ്ചിപുരം ഗർഗംപക്കത്തെ ഡോ. സത്യശ്രീയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11നും ബുധൻ രാവിലെ 11നും ഇടയിലാണ് മോഷണം നടന്നത്.
വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ഡോക്ടറും ബന്ധുക്കളും ഉൾപ്പെടുന്ന മുപ്പതോളം പേരടങ്ങുന്ന സംഘം പയ്യന്നൂർ ജുജു ഇന്റർ നാഷണൽ ഹോട്ടലിലാണ് താമസിച്ചിരുന്നത്.
പരാതിക്കാരി താമസിച്ചിരുന്ന മുറിയിൽ നമ്പർ ലോക്കുള്ള സ്യൂട്ട്കേസിൽ പൂട്ടി സൂക്ഷിച്ചിരുന്ന ആറ് പവനോളം തൂക്കം വരുന്ന രണ്ട് സ്വർണമാലകളാണ് കവർന്നത്.
ലോക്കറ്റ് ഉൾപ്പെടെയുള്ള മാലയും ഇവരുടെ മരുമകളുടെ മാലയുമാണ് സ്യൂട്ട് കേസിലെ ചെറിയ ബോക്സിൽ സൂക്ഷിച്ചിരുന്നത്.
മാലകൾ സൂക്ഷിച്ചിരുന്ന ബോക്സ് സ്യൂട്ട് കേസിൽ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു.
മൂന്നര ലക്ഷത്തോളം വില മതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഡോക്ടർ നല്കിയ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് പരിശോധനക്ക് എത്തിയിരുന്നു.