കണ്ണൂർ : പ്രത്യേകമായി പ്രതിരോധ വകുപ്പും ആഭ്യന്തരവകുപ്പും ഉള്ളതുപോലെ കേന്ദ്ര സംസ്ഥാന തലങ്ങളിൽ പീസ് ആൻഡ് ഹാപ്പിനെസിന് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്ന ആവശ്യവുമായി ഗാന്ധി യുവമണ്ഡലം സംഘടിപ്പിക്കുന്ന “വേണം നമുക്ക് പീസ് ആൻഡ് ഹാപ്പിനസ് മന്ത്രാലയം” എന്ന ക്യാമ്പയിന് തുടക്കമായി.
കേന്ദ്ര ഫിഷറീസ് ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യന് ഗാന്ധി യുവ മണ്ഡലം പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി ആദ്യ നിവേദനം നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
കേന്ദ്ര ബജറ്റിന്റെ വലിയൊരു വിഹിതം പ്രതിരോധ വകുപ്പിന് വേണ്ടിയാണ് നീക്കിവെക്കുന്നത്. അതുപോലെ പീസ് ആൻഡ് ഹാപ്പിനസ്സിനും വേണ്ടി പ്രത്യേകം തുക വകയിരുത്തണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.അതിൽ വയോജനങ്ങളുടെ സന്തോഷം ഉറപ്പു വരുത്തണമെന്നാണ് പറയുന്നത്.എന്നാൽ മുഴുവൻ ആളുകളുടെയും സന്തോഷവും സമാധാനവും സുഖവും ഉറപ്പുവരുത്തണമെന്ന് മാറ്റം വരുത്തി പീസ് ആൻഡ് ഹാപ്പിനസ് സ്റ്റാൻഡിങ് കമ്മിറ്റികളായി അവയെ മാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള മുഴുവൻ എംപിമാർക്കും മുഖ്യമന്ത്രി അടക്കമുള്ള മുഴുവൻ എംഎൽഎ മാർക്കും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾക്കും കാമ്പയിനിന്റെ ഭാഗമായി നിവേദനം നൽകും.
കണ്ണൂരിൽ നടന്ന ചടങ്ങിൽ ഗാന്ധി യുവമണ്ഡലം പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി, ട്രഷറർ സനോജ് നെല്ലിയാടൻ, വിജയൻ വട്ടിപ്രം, ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസൻ എന്നിവർ സംബന്ധിച്ചു