ഇരിട്ടി : ഡിജിറ്റല്‍ റീ സര്‍വ്വെയില്‍ ഫീല്‍ഡ് അതിര്‍ത്തിയില്‍ സര്‍വ്വെ കല്ലുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തലാക്കിയ തീരുമാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇരിട്ടി താലൂക്കിലെ ചില വില്ലേജുകളില്‍ തോട്, പുഴ എന്നിവയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിന് 1964 മുതല്‍ 1967 വരെയുള്ള കാലഘട്ടങ്ങളില്‍ നടത്തിയ പൂര്‍ത്തീകരിക്കാത്ത സര്‍വ്വെ റിക്കാഡുകള്‍ ഉപയോഗപ്പെടുത്തി സര്‍വ്വേ വകുപ്പ് സര്‍വ്വേ ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലയുടമകളുടെ എതിര്‍പ്പുകള്‍ കാരണം അതിര്‍ത്തി നിര്‍ണ്ണയം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കാണുന്നു. മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ കേരള സര്‍വ്വേ ബൗണ്ടറി ആക്ട് അനുസരിച്ച് സര്‍വ്വേ നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് ലാന്‍ഡ് സര്‍വ്വെയേഴ്‌സ് ഫെഡറേഷന്റെ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് പ്രമേയം വഴി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വി.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോബി എം. ജോസ് അധ്യഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. സന്തോഷ്, ഇരിട്ടി യൂനിറ്റ് പ്രസിഡന്റ് പി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ കമ്മിറ്റി ട്രഷറര്‍ കെ.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.