നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വെ എണ്‍പതാമത് റൗണ്ട് സാമൂഹിക സാമ്പത്തിക സര്‍വെ തുടങ്ങി. എന്‍എസ്ഒയുടെ കോഴിക്കോട് റീജണല്‍ ഓഫീസാണ് കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ സര്‍വ്വേ തുടങ്ങിയത്. ആശുപത്രി സന്ദര്‍ശനത്തിനും ആശുപത്രി വാസത്തിനും കുടുംബം ചെലവഴിച്ച തുക, ഗര്‍ഭകാലത്തും പ്രസവത്തിന്റെ ആദ്യ നാല്പത്തി രണ്ട് ദിവസങ്ങളിലും നടത്തിയ പരിപാലനവും ചെലവുകളും, വാക്‌സിനേഷന്‍, കുടുംബാംഗങ്ങള്‍ക്കുള്ള വിവിധതരം അസുഖങ്ങള്‍ തുടങ്ങിയവയാണ് ആരോഗ്യ മോഡ്യൂളില്‍ രേഖപ്പെടുത്തുന്നത്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം, കുടുംബാംഗങ്ങളുടെ ഐസിടി വൈദഗ്ധ്യം തുടങ്ങിയവയാണ് ടെലി കമ്മ്യൂണിക്കേഷന്‍ മൊഡ്യൂളില്‍ രേഖപ്പെടുത്തുക.