Sunday, February 23, 2025
HomeKeralaമിനി ബസും കാറും കൂട്ടിയിടിച്ചു; പത്തനംതിട്ടയിൽ നവദമ്പതിമാരടക്കം നാല് പേർക്ക് ദാരുണാന്ത്യം

മിനി ബസും കാറും കൂട്ടിയിടിച്ചു; പത്തനംതിട്ടയിൽ നവദമ്പതിമാരടക്കം നാല് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കൂടലില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം.തെലങ്കാനയിൽ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കലഞ്ഞൂർ മുറിഞ്ഞകല്ലിൽ പുലര്‍ച്ചെ 4:05 നായിരുന്നു അപകടം സംഭവിച്ചത്.

കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. ഈപ്പൻ മത്തായി, നിഖിൻ (29), അനു (26), ബിജു പി ജോർജ്ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നവദമ്പതികളാണ്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് ഈപ്പൻ മത്തായി. നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പൻ മത്തായിയും. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബിജു ആണ് കാർ ഓടിച്ചിരുന്നത്. വീടിന് വെറും ഏഴ് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.

കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഈപ്പൻ മത്തായി, നിഖിൽ, ബിജു എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.

ഈപ്പൻ മത്തായിയുടെയും ബിജുവിന്റെയും നിഖിലിന്റെയും മൃതദേഹങ്ങൾ കോന്നി താലൂക്ക് ആശുപത്രിയിലാണ്. അനുവിന്റെ മൃതദേഹം പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും. കൂടല്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 

കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു നിഖില്‍. ബസിലുണ്ടായിരുന്ന ഏതാനും തീർഥാടകർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്ക് ഗുരുതരമല്ല.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!