കണ്ണൂർ:ജില്ലാ കളക്ടറുടെയും പമ്പുടമ പ്രശാന്തിന്റെയും കോൾ റെക്കോഡുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത എം.ഡി.എം നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ഹർജി നൽകി. കളക്ടറേറ്റിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കുടുംബത്തിന് തൃപ്തികരമല്ല എന്ന് കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷക സജിത പ്രതികരിച്ചു. കോടതിയിൽ സമർപ്പിച്ച ഫോൺ നമ്പറല്ലാതെ മറ്റുഫോൺ നമ്പറുകൾ കളക്ടറോ, പ്രശാന്തോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റ കോൾഡാറ്റ റെക്കോഡുകളും ടവർ ലൊക്കേഷനുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി നൽകിയിരിക്കുന്നത്. കേസ് ഏതെങ്കിലും ഘട്ടത്തിൽ അന്വേഷണം മറ്റ് ഏജൻസികൾക്ക് ഏറ്റെടുക്കേണ്ടി വന്നാൽ ഈ തെളിവുകൾ നഷ്ടപ്പെട്ടുപോകുമെന്നാണ് കുടുംബത്തിന്റെ വാദം.
അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ റിപ്പോർട്ടിൽ കുടുംബത്തിന് തൃപ്തിയില്ലെന്ന് അഭിഭാഷക അറിയിക്കുകയായിരുന്നു. ജില്ലാ കളക്ടറുടെയും പ്രശാന്തിന്റെയും കോൾറെക്കോഡുകളാണ് മുഖ്യതെളിവുകളായി അഭിഭാഷക ചൂണ്ടിക്കാണിക്കുന്നത്. കളക്ടർ ഉപയോഗിക്കുന്ന ഒരു ഫോണിലെ കോൾ റെക്കോഡുകൾ മാത്രമേ അന്വേഷണസംഘം പരിശോധിച്ചിട്ടുള്ളൂവെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി. തെളിവുകൾ നഷ്ടപ്പെടുമോ എന്ന ആശങ്ക കുടുംബം അഭിഭാഷക മുഖേന പ്രകടിപ്പിച്ചു.
ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ എ.ഡി.എം നവീൻ ബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. നവീൻ ബാബു പെട്രോൾ പമ്പിന് എൻ.ഒ.സി. അനുവദിക്കുന്നതിൽ വഴിവിട്ട് ഇടപെടൽ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നും പി.പി.ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചതിനു പിന്നാലെയായിരുന്നു ആത്മഹത്യ. നവീൻ ബാബുവിനെതിരായ ആരോപണത്തിൽ പി.പി.ദിവ്യക്കൊപ്പം കളക്ടർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.