പാലക്കാട്: ബി.ജെ.പിയില്‍ ചവിട്ടി മെതിക്കപ്പെട്ടെന്നും സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കുന്നുവെന്നും സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിലെത്തിയശേഷമായിരുന്ന സന്ദീപിന്റെ പ്രതികരണം.
”വെറുപ്പ് ഉത്പാദിപ്പിക്കുന്നിടത്ത് സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് തെറ്റ്. സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതിന്റെ ആഹ്ലാദത്തിലാണ് ഞാന്‍.
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു താങ്ങല്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍നിന്നും പ്രതീക്ഷിക്കും. എല്ലാ ദിവസവും വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന ഒരു സ്ഥലത്തുനിന്നും ഏറെ കാലം സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.
ഒരു സംഘടനയില്‍പ്പെട്ട സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിച്ച പിന്തുണ, സ്‌നേഹം, കരുതല്‍ ലഭിക്കാതെ ഒരു സിസ്റ്റത്തില്‍ പെട്ടുപോയ അവസ്ഥയിലായിരുന്നു ഞാന്‍. ജനാധിപത്യത്തെ പാടെ മതിക്കാത്ത ഒരു സിസ്റ്റത്തില്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു.
സ്വന്തം അഭിപ്രായം പറയാനോ വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ ഒരു നിലപാട് പറയാനോ സ്വാതന്ത്ര്യം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടയാളാണ് ഞാന്‍. ഒരു ഘട്ടത്തിലും ഞാന്‍ സംഘടനയെ തള്ളി പറഞ്ഞിട്ടില്ല. ആ സംഘടനയ്ക്കു വേണ്ടി സംസാരിച്ചിരുന്നു.