റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനായുള്ള സർക്കാർ പദ്ധതിയായ തെളിമ 2024ന് തുടക്കമായി. ഡിസംബർ 15 വരെയാണ് കാർഡിലെ തെറ്റുകൾ തിരുത്താനുള്ള അവസരം. അംഗങ്ങളുടെയും കാർഡുടമകളുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡുടമകളുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മതിയായ രേഖകൾക്കൊപ്പം അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സിൽ നിക്ഷേപിച്ചാൽ മതി.
റേഷൻ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ്, എന്നിവയെക്കുറിച്ചുള്ള പരാതികളും റേഷൻ കട ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ കട നടത്തിപ്പുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേദശങ്ങളും പൊതുജനങ്ങൾക്ക് അറിയിക്കാം. അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.