Wednesday, April 30, 2025
HomeKannurഞങ്ങളുടെ ജീവിതം നശിപ്പിച്ച ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ; പൊലീസിനും കണ്ണൂർ കലക്ടർക്കും...

ഞങ്ങളുടെ ജീവിതം നശിപ്പിച്ച ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ; പൊലീസിനും കണ്ണൂർ കലക്ടർക്കും എതിരെ വിമർശനം

പത്തനംതിട്ട: സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ജാമ്യം നിഷേധിച്ച കോടതി വിധിയിൽ പ്രതികരണവുമായി ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബം. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ ആവശ്യപ്പെട്ടു. 

വിധിയിൽ സന്തോഷമില്ല, ആശ്വാസമാണ്. ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നും മഞ്ജുഷ ചൂണ്ടിക്കാട്ടി. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെയും അധിക്ഷേപ പരാമർശം നടത്താൻ ദിവ്യക്ക് അവസരം നൽകിയ ജില്ല കലക്ടറുടെ നടപടിയെയും മഞ്ജുഷ രൂക്ഷമായി വിമർശിച്ചു.

യാത്രയയപ്പ് യോഗത്തിൽ അധിക്ഷേപ പരാമര്‍ശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് കലക്ടര്‍ക്ക് ഇടപെടാമായിരുന്നു. പ്രാദേശിക ചാനലിലെ വിളിച്ച് വരുത്തി വിഡിയോ റെക്കോഡ് ചെയ്യിപ്പിച്ചു. ഇതിലൊന്നും കലക്ടര്‍ ഇടപെട്ടില്ല. യാത്രയയപ്പ് വേദിയില്‍ പറയരുതെന്ന് പറഞ്ഞ് കലക്ടർക്ക് വിലക്കാമായിരുന്നു. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് വ്യക്തമാക്കി.

റവന്യു വകുപ്പിൽ ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യുന്ന ജീവനക്കാരാനാണ് നവീൻ ബാബു. തന്‍റെ ഭര്‍ത്താവായത് കൊണ്ട് പറയുന്നതല്ല. താനിപ്പോള്‍ കോന്നി തഹസില്‍ദാറായി ഇരിക്കുന്നു. ഓരോ ദിവസവും അദ്ദേഹത്തെ വിളിച്ച് സംശയങ്ങള്‍ ദൂരീകരിക്കാറുണ്ടായിരുന്നു. 

മേലുദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ കുറിച്ച് അറിയാം. ദിവ്യ ഐ.എ.എസും പി.ബി നൂഹ് ഐ.എ.എസും ഉള്‍പ്പെടെയുള്ളവർ അത്തരത്തിലുള്ള അനുഭവം പറഞ്ഞത്. ഫയലെല്ലാം കൃത്യമായി നോക്കി നല്‍കുന്ന ആളാണ്. വിവാദ പമ്പിന്‍റെ എൻ.ഒ.സിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നോട് പറഞ്ഞിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!