എടക്കാട്: മലയാളി സ്വന്തം മഹത്വങ്ങൾ മാത്രം പ്രഘോഷിക്കുന്നതിന് പകരം, നമ്മുടെ മൂല്യങ്ങളിൽ വന്നു ചേർന്ന ശോഷണത്തെ കുറിച്ചു കൂടി ആലോചിക്കണമെന്ന് പ്രശസ്ത കവി പി.എൻ ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. എടക്കാട് സാഹിത്യവേദി പ്രസിദ്ധീകരിച്ച കനൽചില്ലകൾ കവിതാ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഷ്ടങ്ങളെ കാണാനുള്ള കണ്ണും, അപൂർണതകളെയും അപര്യാപ്തതകളെയും തിരിച്ചറിയാനുള്ള ശേഷിയും നമുക്ക് നൽകുന്നത് സാഹിത്യമാണ്. സാഹിത്യമില്ലാത്ത ലോകം എന്നത് മാനവികതയില്ലാത്ത ലോകമാണ്. മനുഷ്യരെ ചേർത്തിണക്കാനുള്ള ശക്തി സാഹിത്യത്തെപ്പോലെ മറ്റൊന്നിനുമില്ല. സാഹോദര്യം എന്ന വലിയ മൂല്യം മുറുകെ പിടിക്കണ്ടത് ഇന്നത്തെ സാഹചര്യത്തിൽ വിശേഷിച്ചും അത്യാവശ്യമാണ്. അതിന് സാഹിത്യമാണ് നമ്മെ സഹായിക്കുക. കവിത എന്ന സാഹിത്യരൂപം കരുത്തുറ്റ ഒരു ടൂളാണ്. ഏറ്റവും ചീത്തയായ കവിതയേക്കാൾ ചീത്തയായ സാമൂഹ്യാവസ്ഥകളാണ് ലോകത്തെമ്പാടുമുള്ളത്. ലോകം ചെരിയുമ്പോൾ നമുക്ക് ഊന്നായി പിടിക്കാൻ കവിതയുടെ ഉരുക്കു മരം വേണം- ഗോപീകൃഷ്ണൻ പറഞ്ഞു.
പ്രദേശത്തെ 32 കവികളുടെ 82 കവിതകൾ സമാഹരിച്ച കൃതിയുടെ ആദ്യപ്രതി കവി റീജ മുകുന്ദൻ ഏറ്റുവാങ്ങി. ഡോ. എ വത്സലൻ അധ്യക്ഷത വഹിച്ചു. ടി.കെ.ഡി മുഴപ്പിലങ്ങാട്, കെ.വി ജയരാജൻ, കടമ്പൂർ രാജൻ പ്രസംഗിച്ചു. എഡിറ്റർ എം.കെ അബൂബക്കർ സ്വാഗതവും സതീശൻ മോറായി നന്ദിയും പറഞ്ഞു.