Thursday, November 21, 2024
HomeKannurനവീന്‍ ബാബുവിന്റെ മരണം: സിപിഎം നേതാവ് പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

നവീന്‍ ബാബുവിന്റെ മരണം: സിപിഎം നേതാവ് പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

തലശ്ശേരി: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല. തലശ്ശേരി സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം നിഷേധിച്ചത്.

ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം.

ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും. കണ്ണൂര്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേട്ടിനു മുന്‍പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലോ ദിവ്യ കീഴടങ്ങാനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. 

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസില്‍ പ്രതിയായതോടെ ഇരിണാവിലെ വീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ദിവ്13 ദിവസമായി ഒളിവില്‍ കഴിയുകയാണ്. 

ദിവ്യയ്ക്കുവേണ്ടി അഭിഭാഷകന്‍ കെ.വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ.അജിത്കുമാറും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ജോണ്‍ എസ്.റാല്‍ഫുമാണ് കോടതിയില്‍ ഹാജരായത്. 

 

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പി.പി ദിവ്യ നടത്തിയ ആറ് മിനിറ്റ് പ്രസംഗം ആസൂത്രിത ഗൂഢാലോചനയെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്ത് കുമാറിന്റെ വാദം. ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ വരാത്ത കാര്യങ്ങളില്‍ ഇടപെടുകയും ഭീഷണിസ്വരത്തില്‍ സംസാരിക്കുകയും ചെയ്ത ദിവ്യയുടെ പ്രവൃത്തി വലിയ അഴിമതിക്ക് വേണ്ടിയാണെന്നായിരുന്നു നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ജോണ്‍ എസ്.റാല്‍ഫ് കോടതിയെ അറിയിച്ചത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ പി.പി.ദിവ്യയുടെ വ്യക്തിപ്രഭാവവും അഴിമതിവിരുദ്ധ പ്രവര്‍ത്തനവും ഉയര്‍ത്തിയ ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ ദിവ്യയുടെ പ്രസംഗം സദുദ്ദേശപരമാണെന്നാണ് വാദിച്ചത്. 

പ്രായപൂര്‍ത്തിയാകാത്ത മകളും അസുഖബാധിതനായ അച്ഛനും വീട്ടില്‍ ഉണ്ടെന്നും അറസ്റ്റ് തടയണമെന്നും ദിവ്യയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയുടെ കേസ് നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ വിലയിരുത്തിയിരുന്നത് എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടിയ്ക്കും സാധ്യതയുണ്ട്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!