കണ്ണൂർ കോർപ്പറേഷൻ ചെലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിന് കരാർ എടുത്ത റോയൽ വെസ്റ്റേൺ പ്രോജക്ട് കമ്പനിയെ നീക്കം ചെയ്യുന്നതിന് കൗൺസിൽ തീരുമാനിച്ചു .ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ച ഈ പ്രവൃത്തിയുടെ കാലാവധി 31/12/23 കഴിഞ്ഞിരുന്നു . പ്രവൃത്തി തുടരുന്നതിന് നിരന്തരം കമ്പനിയോട് ആവശ്യപ്പെട്ടിട്ടും പ്രവൃത്തി തുടങ്ങിയിട്ടില്ല. തുടർന്ന് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കൗൺസിൽ തീരുമാനം എടുക്കുകയും വിവരം കമ്പനിയെ അറിയിക്കുകയും ചെയ്തിരുന്നു. ആയതിൻ്റെ അടിസ്ഥാനത്തിൽ കമ്പനി അപേക്ഷ സമർപ്പിക്കുകയും ആയത് കൗൺസിൽ ചർച്ചചെയ്യുകയും ചെയ്തു. എഗ്രിമെൻറ് പുതുക്കി നൽകുന്നതിന് പെർഫോമൻസ് ഗ്യാരണ്ടി ഇനത്തിൽ 3737 2327 രൂപ അടക്കുന്നതിനും 2025 മെയ് 31 നകം പ്രവൃത്തി പൂർത്തികരിച്ച് സീറോ വേസ്റ്റ് ആയി സ്ഥലം തിരികെ ഏൽപ്പിക്കുക യും ചെയ്യുക എന്ന വ്യവസ്ഥയിൽ നോട്ടീസ് നൽകുകയും ചെയ്തു . എന്നാൽ പെർഫോമൻസ് ഗ്യാരണ്ടി അടക്കാൻ തയ്യാറല്ലെന്ന് അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കമ്പനിയെ കരാറിൽ നിന്നും നീക്കം ചെയ്യുന്നതിനും കമ്പനിക്ക് അധികമായി നൽകി എന്ന് ഓഡിറ്റിൽ കണ്ടെത്തിയ തുക തിരികെ പിടിക്കുന്നതിനും കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചതായി മേയർ അറിയിച്ചു.ജീവനക്കാരുടെ ഒഴിവ് നികത്താത്തതും ഉള്ള ജീവനക്കാരെ സ്ഥലം മാറ്റിയതും കാരണം പദ്ധതി പ്രവർത്തനങ്ങളിൽ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടില്ലെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരുടെ അലംഭാവം പദ്ധതി പ്രവൃത്തികൾ പൂർത്തികരിക്കുന്നതിന് തടസമായിട്ടുണ്ട്. പാശ്ചാത്തല മേഖല ഒഴികെ മറ്റ് മേഖലകളിലെ നിർവഹണ ഉദ്യോഗസ്ഥർ യഥാവിധി പ്രവർത്തിച്ചിട്ടുണ്ട്. നികുതി നികുതിയേതര വരുമാനം പിരിച്ചെടുക്കുന്നതിൽ കോർപ്പറേഷൻ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ട്. ഈ ലക്ഷ്യം കൈവരിക്കാൻ സഹായിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായി മേയർ പറഞ്ഞു. ചെലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ വേസ്റ്റ് ടു എനർജി പദ്ധതിക്കായി കെ എസ് ഐ ഡി സി ക്ക് കൈമാറിയ സ്ഥലം തിരികെ ലഭ്യമാക്കുന്നതിനും പ്രസ്തുത സ്ഥലത്ത് കോർപ്പറേഷൻ ഉടമസ്ഥതയിൽ വെറ്റ് വേസ്റ്റ് ടു സി എൻ ജി എനർജി പ്ലാൻ്റ് നിർമ്മിക്കുന്നതിനും തീരുമാനിച്ചു.യോഗത്തിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, പി.ഷമീമ ,എം പി. രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തിൻ സുരേഷ് ബാബു എളയാവൂർ , കൗൺസിലർമാരായ ടി.ഒ. മോഹനൻ , കെ.പി. അബ്ദുൽ റസാഖ്, സുകന്യ ടീച്ചർ, സാബിറ ടീച്ചർ, ടി. രവീന്ദ്രൻ, കെ. പ്രദീപൻ , പി.വി. കൃഷ്ണകുമാർ , പി.പി. വത്സലൻ എന്നിവർ സംസാരിച്ചു.