കണ്ണൂർ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ചെരിപ്പും കൊടിക്കമ്പുകളും പോലീസിനുനേരെ വലിച്ചെറിഞ്ഞു.പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റിയ വാഹനത്തിന് മുന്നിൽ നിന്നും പ്രവർത്തകർ പ്രതിഷേധിച്ചു. ഫർസീൻ മജീദ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ മാസപ്പടി കേസിൽ പ്രതി ചേർത്ത സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കലക്ടറേറ്റ് മാർച്ച്. കെ പി സി സി മെമ്പർ അഡ്വ. ടി ഒ മോഹനൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷനായി. ഫർസീൻ മജീദ് സ്വാഗതം പറഞ്ഞു. രാഹുൽ വെച്ചിയോട്ട് , ജോഷി കണ്ടത്തിൽ, ഷിബിന വി കെ.മുഹ്സിൻ ഖാദിയോട് , സുധീഷ് വെള്ളച്ചാൽ, ഫർഹാൻ മുണ്ടേരി, വരുണ എം കെ,ജിതിൻ കൊളപ്പ, അമൽ കുറ്റ്യാട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി
എ എസ് പി ട്രെയിനി വളപട്ടണം എസ്എച്ച്ഒ ബി കാർത്തികിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം കലക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു.