പയ്യന്നൂർ: പ്രകൃതിയുടെ വരദാനങ്ങളായ കുന്നുകളെയും അതിലെ ജൈവ വൈവിദ്ധ്യങ്ങളേയും കണ്ടും കേട്ടും തൊട്ടുമറിഞ്ഞ് ഒരു കൂട്ടം പ്രകൃതി സ്നേഹികളും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും വിദ്യാർത്ഥികളും, മണ്ണിടിക്കൽ ഭീഷണി നേരിടുന്ന എടാട്ട് വലിയ കുന്നിലേക്ക് പഠനയാത്ര നടത്തി.
കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ കോളേജ് എൻ.എസ്.എസ് യൂണിറ്റിലെയും കോറോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർത്ഥികൾ, പരിസ്ഥിതി പ്രവർത്തകർ, നാട്ടുകാർ എന്നിവർ പയ്യന്നൂർ കോളേജിലെ ജോൺസി വനത്തിൽ ഒത്തുചേർന്നാണ് വലിയകുന്നിലേക്ക് പുറപ്പെട്ടത്.
കുഞ്ഞിമംഗലം ഗ്രാമത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്നും ഏറെ വിഭിന്നമായ ഭൂപ്രകൃതിയുള്ള, ഇടനാടൻ കുന്നുകളും താഴ്വാരങ്ങളുമുള്ള എടനാട് ദേശത്തെ എടാട്ട് കുന്ന്, കാറ്റാടിക്കുന്ന്, പുൽപ്പാറമൊട്ട, മല്ലൻകുന്ന്, വലിയ കുന്ന് എന്നിവ നിലനിൽപ്പിനായി കടുത്ത ഭിഷണി നേരിടുകയാണ്. സമീപകാലത്ത് വലിയ കുന്നിന്റെ നല്ലൊരു ഭാഗം ഇടിച്ചു നീക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്.
ഡോ. സിന്ധു, ഡോ. മഞ്ജുസുനിൽ, ടി. നിഗേഷ്, കെ.വി സതീഷ് കുമാർ, കെ. ശിവദാസൻ, നെട്ടൂർ നാരായണൻ എന്നിവർ പഠന യാത്രയ്ക്ക് നേതൃത്വം നൽകി. പി.പി രാജൻ സ്വാഗതം പറഞ്ഞു. കെ.ഇ കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ഇടനാടൻ കുന്നുകളെയും കുന്നുകളിലെ ജൈവവൈവിദ്ധ്യങ്ങളെയും കുറിച്ച് വി.സി ബാലകൃഷ്ണൻ ക്ളാസെടുത്തു. ഡോ. രതീഷ് നാരായണൻ, പി.വി. മുരളീധരൻ എന്നിവർ സംസാരിച്ചു.