പയ്യന്നൂർ. കൂടുതൽലാഭവിഹിതം വാഗ്ദാനം നൽകി നിക്ഷേപകരിൽ നിന്നും വൻ തുക കൈപ്പറ്റി സ്ഥാപനം പൂട്ടി മുങ്ങിയ പ്രതി വർഷങ്ങളായിഒളിവിൽ കഴിയുന്നതിനിടെ കോടതിയിൽ കീഴടങ്ങി. തളിപ്പറമ്പ് ചിറവക്കിൽ പ്രവർത്തിച്ച സിഗ്സ് ടെക് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൻ്റെ മേധാവിയായിരുന്ന കോട്ടയം അയ്മനം സ്വദേശിനി വൈഷ്ണവത്തിലെ വൃന്ദ രാജേഷ്(48) ആണ് കീഴടങ്ങിയത്. കോടതിയിൽ കീഴടങ്ങിയ പ്രതിയെപയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ടി.കെ. ലക്ഷ്മി പ്രിയ റിമാൻ്റ് ചെയ്തു.ഈ മാസം 16 വരെ കണ്ണൂർ വനിതാ ജയിലിലാണ് റിമാൻ്റ് ചെയ്തത്..നിരവധി നിക്ഷേപ തട്ടിപ്പു കേസിൽ പ്രതിയായ വൃന്ദ രാജേഷിനെതിരെ പരിയാരം പോലീസ് 2022-ൽ രജിസ്റ്റർ ചെയ്ത കേസിലും പഴയങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത സമാനകേസിലും മുഖ്യ പ്രതിയാണ്. നിക്ഷേപകരിൽ നിന്നും അഞ്ച് വർഷത്തേക്ക് നിക്ഷേപം സ്വീകരിച്ച് ഇരട്ടി ലാഭവിഹിതം വാഗ്ദാനം നൽകിയാണ് വഞ്ചിച്ചത്. ഏജൻറുമാരും പ്രൊമോട്ടർമാരും കേസിൽ പ്രതിയായിരുന്നു
ഇത്തരത്തിൽ തട്ടിപ്പിനിരയായവരുടെ പരാതിയിൽ 15 ഓളം കേസുകൾ പയ്യന്നൂർ കോടതിയിൽ നിലവിലുണ്ട്. പരിയാരത്തെയും പഴയങ്ങാടിയിലേയും കേസിലാണ് പ്രതിയെ കോടതി റിമാൻ്റ് ചെയ്തത്.