പയ്യന്നൂർ:അറുപതാം വർഷത്തിലേക്കു കടക്കുന്ന പയ്യന്നൂർ കോളേജിന് ജനറൽ അലംനി അസോസിയേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് സെമിനാർ ഹാളിന്റെ ഉദ്ഘാടനം ഒക്ടോബർ 21 തിങ്കളാഴ്ച രാവിലെ 10.30 ന് കോളേജ് പൂർവ്വവിദ്യാർത്ഥിയും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് നിർവ്വഹിക്കും. 65 ലക്ഷം മതിപ്പു ചെലവ് വരുന്ന സെമിനാർ ഹാളിലേക്ക് ആവശ്യമായ 25 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ടോണിക് ഉപകരണങ്ങളും ഫർണിച്ചറുകളും ജോൺ ബ്രിട്ടാസ് എം.പി.യുടെ പ്രാദേശിക വികസന പദ്ധതിയിൽ (MPLADS) പെടുത്തിയാണ് ഒരുക്കിയത്. ജനറൽ അലംനി അസോസിയേഷൻ കോളേജ് മാനേജ്മെൻ്റിൻ്റെയും വിവിധ അലംനി ഗ്രൂപ്പുകളുടെയും സ്റ്റാഫ് അംഗങ്ങളുടെയും പിടിഎ യുടെയും സഹകരണത്തോടെയാണ് സെമിനാർ ഹാൾ നിർമ്മാണം പൂർത്തീകരിച്ചത്.
200 ഇരിപ്പിടങ്ങളുള്ള ശീതീകരിച്ച സെമിനാർ ഹാൾ അത്യാധുനിക വീഡിയോ കോൺഫറൻസ് സൗകര്യത്തോടെയുള്ളതാണ്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പൂർവ്വ വിദ്യാർത്ഥികൾക്ക് കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കാനും അന്തർദേശീയ തലത്തിൽ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിച്ച് സെമിനാറുകൾ നടത്താനും ഉദ്ദേശിച്ചുകൊണ്ടാണ് സെമിനാർ ഹാൾ നിർമ്മാണം നടത്തിയിട്ടുള്ളത്.
തദവസരത്തിൽ NAAC ‘A+’ അക്രഡിറ്റേഷൻ നേടിയ കോളേജിനുള്ള അലംനി അസോസിയേഷന്റെ ഉപഹാരംജോൺ ബ്രിട്ടാസ് സമർപ്പിക്കും.
ജനറൽ അലംനി അസോസിയേഷൻ പ്രസിഡണ്ട് ടി.വി. രാജേഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് പൂർവ്വവിദ്യാർത്ഥികൾ കൂടിയായഎം. വിജിൻ എം എൽ.എ,ടി.ഐ. മധുസൂദനൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കോളേജ് പ്രിൻസിപ്പൽ ഡോ:സന്തോഷ് വി.എം. റിപ്പോർട്ട് അവതരിപ്പിക്കും. പയ്യന്നുർ എഡ്യുക്കേഷണൽ സൊസൈറ്റി ജനറൽ സിക്രട്ടറി ജോൺ ജോസഫ് തയ്യിൽ, പി.ടി.എ. വൈസ് പ്രസിഡണ്ട് ജയദേവൻ കരിവെള്ളൂർ, ഡോ: സിന്ധു എ, ഡോ: മനോജ് കുമാർ എൻ., പ്രൊഫ: എം. രാജൻ, ഓഫീസ് സൂപ്രണ്ട് കെ.വി. ശ്രീകാന്ത്, കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് കെ.വി. തുടങ്ങിയവർ ആശംസകൾ നേരും.
ചടങ്ങിന് ജനറൽ അസോസിയേഷൻ സിക്രട്ടറി കെ.പി.ശ്രീധരൻ സ്വാഗതവും വർക്കിംഗ് പ്രസിഡണ്ട് അഡ്വ: ശശി വട്ടക്കൊവ്വൽ നന്ദിയും പറയും