മുണ്ടേരി പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനവും പിഎംഎവൈ ഗുണഭോക്തൃ സംഗമവും രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ലൈഫ് മിഷന്‍ പദ്ധതി ഏറ്റവും ശ്രദ്ധേയമായ സാമൂഹിക ക്ഷേമ പദ്ധതിയാണെന്നും ജനങ്ങളുടെ സഹകരണം ഉണ്ടെങ്കില്‍ മാത്രമാണ് നാടിന്റെ സാമൂഹ്യക ക്ഷേമം ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. എല്ലാവിധ സാമൂഹിക മുന്നേറ്റങ്ങളേയും ഏകോപിപ്പിച്ച് കൊണ്ടുപോവുകയാണ് സര്‍ക്കാര്‍. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്യബോധത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിച്ചതുകൊണ്ടാണ് കേരളം എല്ലാ മേഖലയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷനില്‍ ഉള്‍പ്പെട്ട 73 പേരും പിഎംഎവൈ ലിസ്റ്റിലെ 23 പേരുമുള്‍പ്പെടെ 96 പേര്‍ക്കാണ് പഞ്ചായത്തില്‍ വീട് വച്ച് നല്‍കിയത്. ലൈഫ് ഗുണഭോക്താക്കള്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 90 ദിവസത്തെ തൊഴിലും നല്‍കിയിട്ടുണ്ട്. കൂടാതെ സോക്ക് പിറ്റിനുള്ള ആനുകൂല്യവും നല്‍കുന്നുണ്ട്. മുണ്ടേരി പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ അധ്യക്ഷയായിരുന്നു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ഷിംന പദ്ധതി വിശദീകരിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമിള, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ മുംതാസ്, മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പങ്കജാക്ഷന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.ഗീത, സി.ലത, എച്ച് അബ്ദുല്‍ നസീര്‍, ബ്ലോക്ക് മെമ്പര്‍ കെ. ബിന്ദു, ഡിഎംസി ലൈഫ് മിഷന്‍ എം.പി വിനോദ് കുമാര്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ കെ.വി പ്രസീത, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.