Friday, February 28, 2025
HomeKannurകളരിയുടെ വടക്കൻ വീരഗാഥ; പൊന്ന്യത്തങ്കത്തിന് സമാപനം

കളരിയുടെ വടക്കൻ വീരഗാഥ; പൊന്ന്യത്തങ്കത്തിന് സമാപനം

അങ്കത്തട്ടിൽ പൊടി പറത്തി, വാൾത്തലപ്പുകളും പരിചയും വായുവിൽ തീപ്പൊരി പടർത്തി, കളരിപ്പയറ്റ് കൊഴുക്കുമ്പോൾ  ആവേശത്തിന്റെ അലകടലിളകി ജനക്കൂട്ടം. പൊന്ന്യം ഏഴര ക്കണ്ടത്തിൽ പൊന്ന്യത്തങ്കത്തിന് സമാപനം. അക്ഷരാർത്ഥത്തിൽ ആൾക്കടലായി മാറി മുൻവർഷങ്ങളെ അപേക്ഷിച്ചു വൻ ജനാവലിയാണ് ഇവിടേക്ക് ഒഴുകി എത്തിയത്. ഫോക്‌ലോർ അക്കാദമി, കതിരൂർ ഗ്രാമപ്പഞ്ചായത്ത്, പാട്യം ഗോപാലൻ സ്മാരക വായനശാല എന്നിവയുടെ നേതൃത്വത്തിലാണ് പൊന്ന്യം ഏഴരക്കണ്ടത്തിൽ ഏഴു ദിവസങ്ങളിലായി നടന്നു വന്ന ആയോധന കലോത്സവം ‘പൊന്ന്യത്തങ്കം’ നടന്നത്.

 സമാപന സമ്മേളനം ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ അധ്യക്ഷനായി. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, ജില്ലാ സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ്, അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി ഉബൈദുള്ള, ബി ആർ ഡി സി മാനേജിംഗ് ഡയറക്ടർ പി ഷിജിൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ എന്നിവർ മുഖ്യാതിഥികളായി. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ, പൊന്ന്യം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി വി സന്തോഷ്, സി എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാർ സ്വാഗതവും ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ് ലിൻ നന്ദിയും പറഞ്ഞു. 

ഭാർഗവ കളരി, അഗസ്ത്യ കളരി സംഘങ്ങളുടെ കളരി പയറ്റ്, പൂരക്കളി മത്സരം എന്നിവ അരങ്ങേറി. ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയുടെ സംഗീത പരിപാടിയും നടന്നു. 

വിശാലമായ പൊന്ന്യം ഏഴരക്കണ്ടം വയലും സമീപ റോഡുകളുമെല്ലാം വൈകിട്ടോടെ ജനനിബിഡമാകുന്ന കാഴ്ചകളാണ് കഴിഞ്ഞ ഏഴ് ദിവസമായി കണ്ടത്.

വടക്കൻ പാട്ടിലെ വീരയോദ്ധാക്കളായ 

കതിരൂർ ഗുരുക്കളും ഒതേനനും അങ്കം വെട്ടി മരിച്ചുവീണ സ്ഥലമാണ്  കതിരൂരിലെ പൊന്ന്യം ഏഴരക്കണ്ടം. കുംഭം 10, 11 തീയതികളിലായിരുന്നു ഇരുവരുടെയും അവസാനത്തെ അങ്കം. അങ്കത്തിൽ കതിരൂർ ഗുരുക്കളെ വധിച്ച ഒതേനൻ ആയുധം മറന്നതു തിരികെ എടുക്കാൻ ഏഴരക്കണ്ടത്തിൽ വന്നപ്പോൾ കതിരൂർ ഗുരുക്കളുടെ ശിഷ്യൻ ചുണ്ടങ്ങാപ്പൊയിൽ മായൻകുട്ടി പൊന്ന്യത്തെ അരയാലിനു പിറകിൽ മറഞ്ഞിരുന്നു നാടൻ‌ തോക്കുപയോഗിച്ചു വെടിവച്ചു എന്നും ഒതേനൻ വീരമൃത്യു പൂകി എന്നും വടക്കൻ പെരുമ. ഈ വടക്കൻ പെരുമയെ പുനരാവിഷ്ക്കരിക്കുകയാണ് പൊന്ന്യത്തങ്കത്തിലൂടെ. തുടർച്ചയായി 10-ാം വർഷമാണ് പൊന്ന്യത്തങ്കം സംഘടിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!