ചെലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലുള്ള ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് കൗൺസിലുകളും പ്രതിപക്ഷം അലങ്കോലപ്പെടുത്തിയിരുന്നു. ഈ വിഷയം നാളെ കൗൺസിലിലും അജണ്ടയായി ഉൾപ്പെട്ടിട്ടുള്ളതാണ്. ഈ സമയത്ത് തന്നെ ഇങ്ങനെ ഒരു തീപിടുത്തം ഉണ്ടായതിൽ ദുരൂഹത ഉണ്ടെന്നും ആയത് അന്വേഷിക്കണമെന്നും മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. ലെഗസി വേസ്റ്റ് നീക്കം ചെയ്യലുമായി ബന്ധപ്പെട്ട് ഓഡിറ്റ് റിപ്പോർട്ടിലുണ്ടായിട്ടുള്ള ഒരു പരാമർശമാണ് പ്രതിപക്ഷം ഏറ്റെടുത്ത് ചർച്ചയാക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ പത്രസമ്മേളനം കോർപ്പറേഷൻ വിളിച്ച് ചേർത്ത് വിഷയത്തിൽ വ്യക്തത ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. എന്നാൽ യാഥാർത്ഥ്യം ബോധ്യമായിട്ടും വീണ്ടും ഈ വിഷയം തന്നെ നിലനിർത്തി കൊണ്ടുപോകുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അത് കൊണ്ട് പോലീസ് അധികാരികൾ ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും മേയർ പറഞ്ഞു.