Friday, February 28, 2025
HomeKannurആശ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാട് ഫാസിസം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

ആശ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാട് ഫാസിസം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: ന്യായമായ അവകാശം നേടിയെടുക്കാന്‍ ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സമരമുഖത്തു നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാട് ഫാസിസമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. അവകാശ സമര പോരാട്ടങ്ങളോടുള്ള പാര്‍ട്ടി നിലപാട് ഇതാണോയെന്ന് സിപിഎം വ്യക്തമാക്കണം. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി സമരം ചെയ്യുകയെന്നത് ജനാധിപത്യരീതിയാണ്. ഭീഷണിപ്പെടുത്തി സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഇത് ചൈനയോ ഉത്തരകൊറിയയോ അല്ല, കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കണം- അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടരുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കണ്ണൂര്‍ കോര്‍പറേഷനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ ജോലിക്കു ഹാജരാകണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി കീറികളഞ്ഞുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് പതിറ്റാണ്ട് കാലമായി കേരളത്തിന്റെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആശ വര്‍ക്കര്‍മാര്‍ അവരുടെ പ്രതിമാസ വേതനം 21,000 രൂപയായി ഉയര്‍ത്തണമെന്ന തികച്ചും ന്യായമായ ആവശ്യമാണ് മുന്നോട്ടു വെയ്ക്കുന്നത്. അതു പരിഗണിക്കുന്നതിനു പകരം ചര്‍ച്ചയ്ക്കു പോലും തയ്യാറാകാതെ സമരത്തെ അവഗണിക്കാനും പല തരത്തില്‍ ഇകഴ്ത്തിക്കാണിക്കാനും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുമാണ് സര്‍ക്കാരും സി.പി.എം നേതാക്കളും ശ്രമിക്കുന്നത്. കോവിഡ് മഹാമാരി പടര്‍ന്ന കാലത്ത് സ്വന്തം ജീവന്‍ പോലും പരിഗണിക്കാതെ സ്തുത്യര്‍ഹ സേവനം കാഴ്ച വെച്ച ആശ വര്‍ക്കര്‍മാരെ അവഹേളിക്കുന്ന നിലപാട് തികഞ്ഞ നന്ദികേടാണ്. കേരളത്തിലെ പൊതുസമൂഹം ആശ വര്‍ക്കര്‍മാരുടെ ന്യായമായ അവകാശ പോരാട്ടത്തിനൊപ്പമാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.നേതാക്കളായ
അഡ്വ. ടി ഒ മോഹനൻ ,വി വി പുരുഷോത്തമൻ , അഡ്വ. പി ഇന്ദിര ,സുരേഷ് ബാബു എളയാവൂർ ,അമൃത രാമകൃഷ്ണൻ ,ടി ജയകൃഷ്ണൻ , കൂക്കിരി രാജേഷ് ,കായക്കൽ രാഹുൽ ,ശ്രീജ മഠത്തിൽ ,സി ടി ഗിരിജ ,സതീശൻ ബാവുക്കൻ ,എൻ വി പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!