പയ്യന്നൂർ: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയകറ്റാൻ പോലീസ് മൃതദേഹം കാണപ്പെട്ട കിണറ്റിൽ പരിശോധനക്ക് നീക്കം തുടങ്ങി. കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം ആഭരണങ്ങൾ കണ്ടെത്താനും മരണത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്
. പയ്യന്നൂർ കൊറ്റി സുരഭി
ഹൗസിൽ സുലോചന (76) യുടെ മൃതദേഹത്തിൽ ആഭരണങ്ങൾ കാണാത്തതിനെ തുടർന്നു ബന്ധുക്കൾക്കും നാട്ടുകാർക്കും മരണത്തിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു.ഇത് ദൂരീകരിക്കുന്നതിനാണ് മൃതദേഹം കാണപ്പെട്ട കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്തുന്നത്.
വയോധികയുടെ കാണാതായ ആഭരണങ്ങൾ കിണറ്റിൽ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്
പോലീസ്.
അതേസമയം വിരലിൽ മുറുകിക്കിടന്നിരുന്ന മോതിരം മൃതദേഹത്തിൽ വിരലിൽത്തന്നെയുണ്ടായിരുന്നു. പട്ടാപ്പകൽ നടന്ന മരണത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഒന്നാം തീയതി ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കാണാതായ സുലോചനയുടെ മൃതദേഹമാണ് വൈകുന്നേരത്തോടെ വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ ഇവരുടെ ആഭരണങ്ങൾ കാണാതിരുന്നതും ഇവരുടെ ചെരുപ്പുകൾ കിണറ്റിൽ നിന്നും ഇരുപതോളം മീറ്റർ അകലെ വ്യത്യസ്ഥ സ്ഥലങ്ങളിൽ കാണപ്പെട്ടതും ബന്ധുക്കളിൽ സംശയത്തിനിട നൽകിയിരുന്നു.
പോസ്റ്റ് മോർട്ടത്തിന് ശേഷം ഫോറൻസിക് സംഘവും പോലീസ് ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു.