പാപ്പിനിശ്ശേരി : രാജേഷ് എന്ന പേരുള്ളവരുടെ സംസ്ഥാനതല കൂട്ടായ്മയുടെ. ‘രാജാ സംഗമം -2025’ എന്ന പേരിലുള്ള സംഗമം നടത്തി. കല്യാശ്ശേരി മാങ്ങാട് ഈസ്റ്റ് എൽ.പി. സ്കൂൾ ഹാളിൽ നടന്ന പരിപാടി കണ്ണൂർ സിറ്റി ഹെഡ് ക്വാർട്ടേഴ്സ് എ.എസ്.ഐ. രാജേഷ് എ. തളിയിൽ ഉദ്ഘാടനം ചെയ്തു. വാഹനാപകടത്തിൽ മരിച്ച കുറുമാത്തൂർ ചൊറുക്കളയിലെ നേദ്യ രാജേഷിന്റെ പേരിലുള്ള നഗറിലാണ് സംഗമം നടത്തിയത്.
രക്തദാനസേന രൂപവത്കരണവും ഭാവിപരിപാടികളും ആവിഷ്കരിച്ചു. സംഗമത്തിന്റെ ഓർമ്മയ്ക്കായി ധർമശാല പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അംഗങ്ങൾക്കോ കുടുംബത്തിൽപ്പെട്ടവർക്കോ അർഹമായ ചികിത്സാസഹായങ്ങളും മറ്റു സഹായങ്ങളും എത്തിക്കുക എന്നതും കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമാണ്. രാജേഷ് ഗ്രൂപ്പ് ചെയർമാൻ രാജേഷ് പാലങ്ങാട്ട് അധ്യക്ഷതവഹിച്ചു. രാജേഷ് രാമർ ഗ്രൂപ്പ്നിയമാവലി കരട് രൂപരേഖ സംഗമത്തിൽ അവതരിപ്പിച്ചു. കൺവീനർ രാജേഷ് കല്യാശ്ശേരി, രാജേഷ് കോയ്യോടൻ, രാജേഷ് ബാലൻ, രാജേഷ് പയ്യന്നൂർ, രാജേഷ് കിഴാറ്റൂർ, രാജേഷ് വടക്കാഞ്ചേരി, കെ.വി.രാജേഷ് എന്നിവർ സംസാരിച്ചു.