Sunday, February 23, 2025
HomeKannurകനൽ ഖത്തർ പ്രതിഭാ പുരസ്കാരം റംഷി പട്ടുവത്തിന്

കനൽ ഖത്തർ പ്രതിഭാ പുരസ്കാരം റംഷി പട്ടുവത്തിന്

ദോഹ : നാടൻപാട്ട് മേഖലയിലെ സമഗ്ര സംഭാവനക്ക് കനൽ ഖത്തർ നൽകിവരുന്ന “കനൽ ഖത്തർ പ്രതിഭ പുരസ്‌കാരം 2024 ” റംഷി പട്ടുവത്തിന്.
കനൽ ഖത്തർ ന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ പത്ത് വർഷക്കാലമായി ഖത്തർ ലെ വിവിധ കൂട്ടായ്മകളിലെയും ആഘോഷവേദികളിൽ, വൈവിധ്യങ്ങളായ കലാസാംസ്കാരിക ഇടങ്ങളിൽ, നാടിൻ്റെ നന്മകളും പൈതൃകവും വിളിച്ചോതുന്ന നാടൻപാട്ടുകളുടെയും നാടൻകലാരൂപങ്ങളുടെയും അവതരണങ്ങൾ ഉൾപ്പെടെ നടത്തിവരുന്ന കൂട്ടായ്മയാണ് കനൽ ഖത്തർ നാടൻപാട്ട് സംഘം. കുട്ടികൾക്കായി നാടൻ കലാശില്പശാല, സെമിനാറുകൾ, വിവിധ നാടൻകലാപദ്ധതികൾ എന്നിവയാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ.

കനൽ ഖത്തർ മെയ് മാസം സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ വച്ച് പുരസ്‌ക്കാര സമർപ്പണം നടത്തുമെന്ന് കനൽ ഖത്തർ ഭാരവാഹികൾ അറിയിച്ചു.

കേരളത്തിലെ നാടൻപാട്ട് മേഖലയിലെ പ്രശംസനീയമായ സംഭാവനകൾ നൽകുന്ന കലാകാരന്മാരെ തിരഞ്ഞെടുക്കുകയും,അവരെ ആദരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് കനൽ ഖത്തർ പ്രതിഭ പുരസ്ക്കാരം നൽകി വരുന്നത്.
ഇരുപത്തഞ്ച് വർഷത്തിലേറെയായി നാടൻപാട്ട് മേഖലയിൽ ശക്തമായ ഇടപെടലുകളിലൂടെ നാട്ടുപാട്ടുകളുടെ ശേഖരണവും പ്രചരണവും നടത്തുകയും നാട്ടുപാട്ടുവേദികളിലൂടെ പാട്ടും പറച്ചിലുമായി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്ത നാട്ടുകലാകാരൻ കണ്ണൂർ സ്വദേശിയായ റംഷി പട്ടുവത്തെ ആണ് ഇത്തവണത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
പ്രാഥമിക വിദ്യാഭ്യാസ കാലം മുതൽക്കു തന്നെ മാതാപിതാക്കളോടൊപ്പം വയലിടങ്ങളിൽ കൃഷിപ്പണിയും കൃഷിപ്പാട്ടുകളുമായി കലാരംഗത്ത് സജീവമാവുകയും പിന്നീട് നാടൻപാട്ട് പരിശീലനത്തിലൂടെയും വേദികളിലെ പാട്ടവതരണങ്ങളിലൂടെയും നാടൻപാട്ടുകളുടെ സുൽത്താനായി മാറിയ റംഷി ആയിരത്തിൽ പരം മണ്ണിന്റെ മണമുള്ള പാട്ടുകൾ ശേഖരിക്കുകയും ജന്മനസ്സുകളിലേക്കു പകർന്നു നൽകുകയും ചെയ്തിട്ടുള്ള നാട്ടുകലാകാരനാണ്.
സ്കൂൾ കലോത്സവം, കേരളോത്സവം, ഇന്റർസോൺ കലോത്സവങ്ങൾ, ആരോഗ്യ സർവ്വകലാശാല കലോത്സവം, കാർഷിക സർവ്വകലാശാല കലോത്സവം തുടങ്ങിയ മത്സരപരിപാടികളിൽ റംഷി പരിശീലനം നൽകിയ കുട്ടികൾ നാടൻ പാട്ടിൽ സമ്മാനങ്ങൾ നേടിയെടുക്കുകയും അതിലൂടെ തനത് നാടൻപാട്ടുകളുടെ പ്രചാരകനായും നാട്ടുപാട്ടുകളെ നെഞ്ചേറ്റുന്നു.
വിവിധ മത്സരപരിപാടികളുടെ വിധികർത്താവായും ഉത്തര കേരളത്തിലെ പ്രധാന നാടൻ കലാ സംഘമായ കണ്ണൂർ അഥീന നാടക നാട്ടറിവ് വീടിൻ്റെ പാട്ടുറവ നാട്ടുപാട്ടരങ്ങ്, അഥീന നാടൻപാട്ട് മേള എന്നിവയിലെ പ്രധാന പാട്ടുകാരനും പരിശീലകനുമാണ്.
ആഫ്രിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പഴമയുടെ പൈതൃകമായ നാട്ടുപാട്ട് പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള റംഷിക്ക്
കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്കാരം, പാട്ടുകൂട്ടം മണിമുഴക്കം അവാർഡ് , അക്കാദമി അവാർഡ് , കലാഭവൻ മണി ഫൗണ്ടേഷൻ മണിരത്ന പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നല്ല കർഷകൻ കൂടിയായ റംഷി ഇപ്പോൾ കുടുംബ സമേതം പാപ്പിനിശ്ശേരി ചിറക്കുറ്റിയിൽ “പാട്ടുപുര ” യിൽ ആണ് താമസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!