തൃക്കരിപ്പൂർ: മികച്ച സാമൂഹ്യ പ്രവർത്തകർക്ക് കാൻഫെഡും പി.എൻ.പണിക്കർ ഫൗണ്ടേഷനും ഏർപ്പെടുത്തിയ ഈ വർഷത്തെ പി.എൻ.പണിക്കർ പുരസ്ക്കാരം പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരിക്ക് . വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുരംഗത്തും – സാമൂഹ്യ രംഗത്തും സജീവമായിരുന്നു .സ്ത്രീ ശാക്തീകരണത്തിനായി നടത്തിവരുന്ന പ്രവർത്തനങ്ങളും കഴിഞ്ഞ 4 വർഷക്കാലം പിലിക്കോട് ഗ്രാമപഞ്ചായത്തിൽ നടത്തിയ വികസന മുന്നേറ്റത്തിൻ്റെ മുൻനിരക്കാരിയായി പ്രവർത്തിച്ചതും പരിഗണിച്ചാണ് അവാർഡ്. 2001 ൽ കുടുംബശ്രീ രൂപീകരണ വേളയിൽ പിലിക്കോട് പഞ്ചായത്ത് പ്രഥമ സി.ഡി.എസ്. ചെയർ പേഴ്സണായി പ്രവർത്തനമാരംഭിച്ചു. അയൽക്കൂട്ട ശാക്തീകരണത്തിനായി നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അവളിടം യുവതി ക്ലബ്ബ് രൂപീകരിക്കുകയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തതിന് യുവജനക്ഷേമ ബോഡിൻ്റെ ജില്ലാതലത്തിലുള്ള യുവതി ക്ലബ്ബിനുള്ള അംഗീകാരം നേടിയെടുക്കുകയും വനിതകൾക്കായി ജില്ലയിൽ ആദ്യത്തെ വനിത ജിംനേഷ്യം കാലിക്കടവിൽ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തിരുന്നു.
സംസ്ഥാന ഗവൺമെൻ്റിൻ്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഇ- മുറ്റം ഡിജിറ്റൽ സാക്ഷരത പരിപാടിയുടെ പൈലറ്റ് പഞ്ചായത്ത് ആയി പിലിക്കോടിനെയാണ് തെരഞ്ഞെടുത്തത് . ഡിജി കേരളം ജില്ലയിൽ ആദ്യമായി പൂർത്തീകരിച്ചതും പിലിക്കോടാണ്.
സംസ്ഥാനത്ത് ആദ്യമായി വയോജന നയം പ്രഖ്യാപിച്ച ആദ്യ ഗ്രാമ പഞ്ചായത്ത് , സംസ്ഥാനത്തെ മികച്ച വയോ സൗഹൃദ പഞ്ചായത്തിനുള്ള സംസ്ഥാന ഗവൺമെൻ്റിൻ്റെ വയോസേവന അവാർഡ് പിലിക്കോടിന് നേടിക്കൊടുത്തു.
പി.എൻ.പണിക്കരുടെ ജന്മദിനമായ മാർച്ച് 1 ന് നടക്കുന്ന സാമൂഹ്യ പ്രവർത്തക ദിനാചരണത്തിൽ അവാർഡ് ദാനം നടക്കും.