*
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെയും ഡിവിഷനുകളുടെയും വിഭജനവും അതിർത്തി നിർണയവും സംബന്ധിച്ച പരാതികൾ പരിഹരിക്കാനായി ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തിൽ ജില്ലയിൽ ഹിയറിംഗ് നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിംഗിൽ ജില്ലയിലെ 76 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്ന് 1379 പരാതികളാണ് പരിഗണിച്ചത്.
എല്ലാ ജില്ലകളിലെയും ഹിയറിംഗ് പൂർത്തിയാക്കിയ ശേഷം കമ്മീഷന്റെ ഫുൾ സിറ്റിംഗ് ചേരുമെന്ന് ചെയർമാൻ ഹിയറിംഗിന് ശേഷം പറഞ്ഞു. ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി കമ്മീഷൻ വിവരങ്ങൾ ശേഖരിക്കും. പരാതിക്കാരെ നേരിട്ട് കേട്ടതിന്റെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാകും അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുക.
ശാസ്ത്രീയമായാണ് ഇത്തവണത്തെ വാർഡ് പുനർനിർണയ പ്രക്രിയ നടത്തിയതെന്ന് കമ്മീഷൻ പറഞ്ഞു. വരുന്ന പരാതികളെല്ലാം കൃത്യമായി രേഖപ്പെടുത്തി എല്ലാ പരാതിക്കാർക്കും നോട്ടീസ് അയച്ചു. വീടുകളുടെ എണ്ണം കരട് വിജ്ഞാപനത്തിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അന്തിമ വിജ്ഞാപനത്തിന് മുമ്പായി പരിശോധിച്ച് തിരുത്തുമെന്നും കമ്മീഷൻ പറഞ്ഞു
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപറേഷനുകൾ എന്നിവയിലെ കരട് വിഭജന നിർദേശങ്ങൾ നവംബർ 18ന് ആണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതികൾ സ്വീകരിച്ചത്. പരാതികളിൽ ഫീൽഡ് തലത്തിൽ പ്രാഥമികാന്വേഷണം നടത്തി.
വാർഡ് പുനർവിഭജന കരടിലെയും ഡിജിറ്റൽ മാപ്പിലെയും പ്രശ്നങ്ങൾ, പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള ദൂരം, അതിർത്തി സംബന്ധിച്ച തർക്കം, വാർഡുകളിലെ വീടുകളിൽ വന്ന ഇരട്ടിപ്പ്, വീടുകൾ ചിലത് ഒഴിവായി പോയത്, വീടുകളുടെ അനുപാതത്തിലുള്ള അന്തരം, ജനസംഖ്യ സംബന്ധിച്ച പരാതി, നഗരസഭകളിലെയും കോർപ്പറേഷനിലെയും വാർഡ് വിഭജനം തുടങ്ങിയ പരാതികളാണ് ലഭിച്ചത്.
തദ്ദേശ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ അന്വേഷിച്ച് തയാറാക്കിയ റിപ്പോർട്ട് ജില്ലാ കലക്ടർ കമ്മീഷനു സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്മേലുളള കൂടുതൽ തെളിവെടുപ്പാണ് നടന്നത്. ഡീലിമിറ്റേഷൻ കമ്മീഷനും ജില്ലാ കലക്ടർക്കും ലഭിച്ച 1379 പരാതികളിലാണ് അന്വേഷണം നടത്തിയത്. തലശ്ശേരി നഗരസഭയിൽ നിന്ന് മാത്രം126 പരാതികളാണ് ലഭിച്ചത്. കണ്ണൂർ കോർപ്പറേഷനിൽ നിന്ന് 85 പരാതികളും ലഭിച്ചു.
രാവിലെ ഒമ്പതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിച്ച ഹിയറിംഗിൽ നിശ്ചിത സമയപരിധിക്ക് മുമ്പ് ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ സമർപ്പിച്ചവർക്കാണ് പങ്കെടുക്കാൻ അവസരം ലഭിച്ചത്. വൈകീട്ട് 6.30 ഓടെയാണ് ഹിയറിങ് അവസാനിച്ചത്
നേരിട്ടെത്തിയ മുഴുവൻ പേരുടെയും പരാതികൾ കമ്മീഷൻ കേട്ടു. ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ ഷാജഹാൻ, കമ്മീഷനംഗം എസ്. ഹരികിഷോർ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കമ്മീഷൻ സെക്രട്ടറി എസ്. ജോസ്ന മോൾ എന്നിവർ പരാതികൾ പരിഗണിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ കെ കെ ബിനി, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.