പയ്യന്നൂർ: വായു- ജല മലിനീകരണം സംബന്ധിച്ച സന്ദേശങ്ങൾ കൈമാറി മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് തമിഴ്നാട്ടിലെ കന്യാകുമാരിയിലേക്ക് സൈക്കിൾ യാത്ര. പത്തുദിവസം മുമ്പ് ആരംഭിച്ച യാത്ര ഇപ്പോൾ കണ്ണൂർ ജില്ലയിലാണ്.
താനെയിലെ സംഗ്വി സിംഗാദ് സൈക്ലിംഗ് ക്ലബിലെ ഷിൻഡെയുടെ നേതൃത്വത്തിൽ ഏഴുപേരാണ് സംഘത്തിലുള്ളത്. ഒരാഴ്ചക്കകം കന്യാകുമാരിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വഴിയിലെ തടസങ്ങൾ ഒഴിച്ചു നിർത്തിയാൽ കേരളം പരിസര ശുചിത്വത്തിൽ മുന്നിട്ട് നിൽക്കുന്നതായി യാത്രികർ പറഞ്ഞു.
യാത്രികർ എല്ലാവരും 50 പിന്നിട്ടവരാണ്. സർവീസിൽ നിന്ന് വിരമിച്ചവരും സ്വകാര്യ ബിസിനസ് നടത്തുന്നവരും ഒക്കെയാണ് യാത്രയിൽ പങ്കെടുക്കുന്നത്. ആർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. റൈഡർമാർക്ക് പയ്യന്നൂർ പെരുമ്പ ദേശീയ പാതയോരത്ത് തൃക്കരിപ്പൂർ സൈക്ലിങ് ക്ലബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പ്രസിഡന്റ് ടി.എം.സി.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഉപദേശക സമിതിയംഗം എം.സി.ഹനീഫ, എം.സി.ടി.സിഫ്സീർ, എ.കെ.രാജു എന്നിവർ സംസാരിച്ചു.