പയ്യാമ്പലം, കുറുവ,എടക്കാട് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെയ്ക്കുവാൻ കെ. സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിൽ തിരുമാനമായി.
നിലവിലെ അലൈൻമെന്റ് പ്രകാരം കുറുവ കുന്ന് പൊളിച്ച് നിരത്തേണ്ടിവരും. മലബാറിലെ ടൂറിസം മേഖലയിലെ പ്രധാന കേന്ദ്രങ്ങളായ തോട്ടട , കീഴുന്ന ,ഏഴര ബീച്ചുകൾ അപകടാവസ്ഥയിലാകും. രണ്ടായിരത്തോളം വർഷം പഴക്കമുള്ള തദ്ദേശവാസികൾ ഇന്നും സംരക്ഷിച്ചു പോരുന്നതുമായ യോഗീശ്വര ഗുഹാക്ഷേത്രത്തിന് കോട്ടംതട്ടുവാനും സാധ്യതയുണ്ട്. ഇതിനുപുറമേ നിലവിലെ അലൈൻമെന്റ് പ്രാവർത്തികമാവുകയാണെങ്കിൽ ഈ പ്രദേശത്തെ നിരവധി വീടുകൾ നഷ്ടപ്പെടുവാനും ,ഏഴോളം കണക്ഷൻ റോഡുകൾ ഇല്ലാതാകുവാനും സാധ്യതയുണ്ടെന്നും എം.പി. ചൂണ്ടികാട്ടി.
ഈ സാഹചര്യത്തിൽ പാരിസ്ഥിതിക ആഘാതം കുറച്ച്, പ്രദേശവാസികളുടെ വീടുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കുന്ന തീരദേശ സംരക്ഷണ സമിതി സമർപ്പിച്ച ബദൽ അലൈൻമെന്റ് സാധ്യതയെക്കുറിച്ച് ആലോചിക്കുവാൻ കെആർഎഫ് ബി യുടെ ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി അവസാനം വിശദമായ ഒരു യോഗം വിളിക്കുവാനും , അതുവരെ ഭൂമി ഏറ്റെടുക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുവാനും യോഗം തീരുമാനിച്ചു .
പ്രസ്തുത യോഗത്തിൽ ഡപ്യൂട്ടി മേയർ . അഡ്വ.പി.ഇന്ദിര , കൗൺസിലർ മാരായ പി വി ജയസൂര്യൻ , ബാലകൃഷ്ണൻ , സാബിറ ടീച്ചർ , , തീരദേശ സംരക്ഷണ സമിതി പ്രതിനിധി സുരേന്ദ്രൻ , രാഹുൽ കായക്കൂൽ , കെആർഎഫ് ബിയുടെ ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.