Friday, January 24, 2025
HomeKannurതലശ്ശേരി ജില്ലാ കോടതി സമുച്ചയം ഇന്ന്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തലശ്ശേരി ജില്ലാ കോടതി സമുച്ചയം ഇന്ന്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


തലശ്ശേരിയിലെ കണ്ണൂര്‍ ജില്ലാ ജുഡീഷ്യല്‍ ആസ്ഥാനത്ത് പുതിയ കോടതി കെട്ടിട സമുച്ചയം ജനുവരി 25 ശനിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പത്ത് കോടതികളുടെ പ്രവര്‍ത്തന ഉദ്ഘാടനം മുഖ്യാതിഥിയായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിന്‍ ജം ദാര്‍ നിര്‍വഹിക്കും. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷനാകും. അഡ്വ എം.കെ. ദാമോദരന്‍ മെമ്മോറിയല്‍ ബാര്‍ അസോസിയേഷന്‍ ഹാളിന്റെയും അഡ്വ. എം.കെ ഗോവിന്ദന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ബാര്‍ അസോസിയേഷന്‍ ലൈബ്രറിയുടെയും ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിര്‍വഹിക്കും. നിയമ സേവന കേന്ദ്രത്തിന്റെ  ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് എ.കെ. ജയകൃഷ്ണന്‍ നമ്പ്യാറും ഐ.ടി ട്രെയ്നിംഗ് ഹാള്‍ ഉദ്ഘാടനം ജസ്റ്റിസ് ടി. ആര്‍. രവിയും നിര്‍വഹിക്കും. ഗവ. പ്ലീഡറുടെയും പബ്ലിക് പ്രോസിക്യൂട്ടറുടെയും ഓഫീസ് ഉദ്ഘാടനം വ്യവസായം-നിയമ വകുപ്പ്  മന്ത്രി പി. രാജീവ് നിര്‍വഹിക്കും. കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫീസ് ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ജഡ്ജസ് ലൈബ്രറി ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് നിര്‍വഹിക്കും. കോടതി മ്യൂസിയം ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിര്‍വഹിക്കും.

ജില്ലാ ജഡ്ജ് കെ.ടി നിസാര്‍ അഹമ്മദ് സ്വാഗതം പറയും. ഷാഫി പറമ്പില്‍ എം.പി, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി  കരുണാകരന്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എ. സജീവന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. അജിത് കുമാര്‍, ബാര്‍ അസോസിയേഷന്‍ സിക്രട്ടറി അഡ്വ. ജി.പി. ഗോപാല കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.
കിഫ്ബി ഫണ്ട് വഴി 57 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. നാലേക്കര്‍ സ്ഥലത്താണ് 14 കോടതികള്‍ വിവിധ കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ഇതാണ് എട്ടുനിലകളിലായി നിര്‍മ്മിക്കുന്ന ഒറ്റ കെട്ടിടത്തിലാക്കുക. പുതുതായി പണിത കെട്ടിടത്തില്‍ 136 മുറികളുണ്ട്. പടിഞ്ഞാറന്‍ കാറ്റും വെളിച്ചവും എല്ലാ മുറികള്‍ക്കകത്തും എത്തുന്ന രീതിയിലാണ് നിര്‍മാണം. കോടതിയിലെത്തുന്ന സാക്ഷികള്‍ക്കുള്ള വിശ്രമ മുറികള്‍, ബാങ്ക്, പോസ്റ്റ് ഓഫീസ്, കാന്റീന്‍ തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തിലുണ്ട്. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായ കെട്ടിട സമുച്ചയത്തില്‍ കോടതികളില്‍ എത്തുന്ന അമ്മമാര്‍ക്ക് മുലയൂട്ടല്‍ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. അഭിഭാഷകര്‍ക്കും വനിത അഭിഭാഷകര്‍ക്കും ഗുമസ്തന്‍മാര്‍ക്കും പ്രത്യേക വിശ്രമ മുറികളും മികച്ച ലൈബ്രറി സൗകര്യവും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുള്‍പെടെ ഉപയോഗിക്കാന്‍ ശീതീകരിച്ച ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ 80 ലക്ഷം രൂപ ചിലവില്‍ സോളാര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്.

1802 ല്‍ സ്ഥാപിതമായ ചരിത്രമുറങ്ങുന്ന കണ്ണൂര്‍ ജില്ലയുടെ ജുഡീഷ്യല്‍ ആസ്ഥാനമായ തലശ്ശേരി കോടതിയില്‍ നിലവില്‍ 14 കോടതികളാണുള്ളത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് പുറമെ  നാല് അഡീഷനല്‍ ജില്ലാ കോടതികള്‍, കുടുംബ കോടതി, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ്  ട്രൈബ്യൂണല്‍, പോക്‌സോ സ്‌പെഷല്‍ കോടതി, രണ്ട് അസിസ്റ്റന്റ് സെഷന്‍സ് കോടതികള്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ത്രേറ്റ് കോടതി  രണ്ട് മജിസ്‌ട്രേട്ട് കോടതികള്‍ എന്നിവയാണ് പ്രവര്‍ത്തിച്ചു വരുന്നത്. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് കോടതിക്കും വ്യവസായ ട്രൈബ്യൂണലിന്റെ കേമ്പ് സിറ്റിങ്ങിനും കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കായി അനുവദിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനും മയക്കുമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്ന ജില്ലയിലെ എന്‍.ഡി.പി.എസ് കോടതിക്കും തലശ്ശേരി കോടതി കോംപ്ലക്സില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. പൈതൃക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെഷന്‍സ് കോടതി മുന്‍സിഫ് കോടതി, സി. ജെ. എം കോടതി എന്നിവ നിലവിലെ കെട്ടിടത്തില്‍ തന്നെ തുടരും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജഡ്ജ് നിസാര്‍ അഹമ്മദ്, അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജെ. വിമല്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി കരുണാകരന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത് കുമാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എ സജീവന്‍, സെക്രട്ടറി ജി.പി ഗോപാലകൃഷ്ണന്‍, എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!