പയ്യന്നൂർ. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നനവജാത ശിശുവിന് കുത്തിവെപ്പ് നടത്തിയ കാലിൽ നിന്നും ദിവസങ്ങൾക്ക് ശേഷം സിറിഞ്ച് നീഡിൽ കണ്ടെത്തിയ സംഭവത്തിൽ ചികിത്സിച്ച ഡോക്ടറെയും ജീവനക്കാരെയും ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ആശുപത്രി രേഖകൾ പരിശോധിച്ചതിൽ നിന്നും കുഞ്ഞിൻ്റെ കാലിൽ നിന്നും കണ്ടെത്തിയ സിറിഞ്ച് നീഡിൽ സർക്കാർ ആശുപത്രികളിൽ വിതരണം നടത്തിയതല്ലെന്ന് കണ്ടെത്തി.ഇത്തരം സൂചികൾ ആശുപത്രിയിൽ ചികിത്സക്ക് ഉപയോഗിച്ചിട്ടില്ലെന്ന് നഴ്സും പോലീസിന് മൊഴി നൽകി. അങ്ങനെയാണെങ്കിൽ പരിയാരത്തെ ചികിത്സക്ക് ശേഷം മറ്റെവിടെയെങ്കിലും കുഞ്ഞുമായി ചികിത്സയുമായി ബന്ധപ്പെട്ട് പോയിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഡോക്ടറുടെയും നഴ്സുമാരുടെയും മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
പരിയാരത്തെ ചികിത്സയിൽ
നവജാത ശിശുവിന് ഇൻജക്ഷനും മറ്റും നൽകിയതിനെ തുടർന്ന് കാലിൽ പഴുപ്പും വേദനയും സംഭവിച്ചതിൽ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചതിൽ 3.7 സെൻ്റീമീറ്റർ നീളമുള്ള സിറിഞ്ചിൻ്റെ നീഡിൽ കുഞ്ഞിൻ്റെ ഇൻജക്ഷൻ നൽകിയകാലിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും ഭാഗത്ത് നിന്നുമുണ്ടായ അനാസ്ഥക്കെതിരെ പെരിങ്ങോം സ്വദേശിയായ പിതാവിൻ്റെ പരാതിയിൽ പരിയാരം പോലീസ്
കുട്ടിയെ പരിശോധിച്ച കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർക്കും നഴ്സിംഗ് സ്റ്റാഫിനുമെതിരെ കേസെടുത്തിരുന്നു.ഇക്കഴിഞ്ഞ ഡിസംബർ 25 ന് ആണ് സംഭവം. പരാതിക്കാരൻ്റെ നവജാത ശിശുവായ മകൾക്ക് ഇൻജക്ഷനും മറ്റും നൽകിയതിനെ തുടർന്ന് കാലിന് പഴുപ്പും വേദനയും അസഹ്യമായപ്പോൾ ഈ മാസം 18 ന് പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ വെച്ച് പരിശോധിച്ചപ്പോഴാണ് സിറിഞ്ചിൻ്റെ നീഡിൽ കുട്ടിയുടെ കാലിൽ കണ്ടെത്തിയത്.തുടർന്ന് പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു.