പയ്യന്നൂർ: വ്യാകരണശിരോമണി ഒ.കെ. മുൻഷിയുടെ പേരിലുള്ള ഈ വർഷത്തെ അവാർഡ് പ്രസിദ്ധ സംസ്കൃത പണ്ഡിതയും തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളജ് റിട്ട. പ്രഫസറുമായ പ്രഫ.ഒ. വത്സലക്ക്.വിദ്വാൻ എ. കെ. കൃഷ്‌ണൻ മാസ്റ്റർ സ്‌മാരക സമിതി 2010 മുതൽ നൽകി വരുന്ന അവാർഡാണിത്. 15,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് അവാർഡ്. കേരളത്തിലെ പ്രശസ്തരായ സംസ്കൃത പണ്ഡിതർക്ക് സമ്മാനിക്കുന്ന അവാർഡ് ഒ.കെ. മുൻഷിയുടെ ഇരുപത്തിമൂന്നാമത് ചരമ വാർഷിക ദിനമായ ഫെബ്രുവരി ഒന്നിന് തുമ്പക്കൊവ്വൽ എ.കെ.പി. ഓറിയൻ്റൽ റിസർച്ച് ആൻഡ് പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന സംസ്‌കൃത വ്യാകരണ പണ്ഡിതരിൽ പ്രഗത്ഭയാണ് പ്രഫ.വത്സല. ആലുവ സെന്റ് സേവിയേഴ്സ‌് കോളജിലും തൃശ്ശൂർ കേരളവർമ്മ കോളജിലും സംസ്‌കൃത അധ്യാപികയായി സേവനമനുഷ്ഠിച്ചു.1972 ൽ തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജിൽ ലക്ച്ചററായി നിയമിതയായി. 2001 ൽ വിരമിച്ചു. നിരവധി സംസ്കൃത പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.വാർത്തസമ്മേളനത്തിൽ സദനം നാരായണൻ, കെ. പി.വിജയകൃഷ്ണൻ, യു. നാരായണൻ, പി. പത്മനാഭൻ, ടി.പി. സുനിൽകുമാർ, പി. ജഗദീശൻ, ഭാസ്കൻ പണിക്കർ ,പി .എം.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു .