കരിവെള്ളൂർ : വനിതാ സിവിൽ പോലീസ് ഓഫീസർ പലിയേരിക്കൊവ്വലിലെ പി.ദിവ്യശ്രീയുടെ കൊലപാതകക്കേസിലെ പ്രതി കെ.രാജേഷിനെ പെരുമ്പയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊല്ലാനുപയോഗിച്ച ആയുധം പെരുമ്പപ്പുഴയിൽ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പെരുമ്പയിലെത്തിച്ചത്. പോലീസും അഗ്നിരക്ഷാസേനയും മണിക്കൂറോളം തിരച്ചിൽ നടത്തിയശേഷം കൊലപാതകത്തിനുപയോഗിച്ച ആയുധം പുഴയിൽനിന്ന് കണ്ടെടുത്തു.
കൊലപാതകത്തിനായി പോകുമ്പോൾ പെരുമ്പയിലെ പെട്രോൾ പമ്പിൽനിന്ന് പെട്രോളും വാങ്ങി കൈയിൽ കരുതിയിരുന്നു. പെട്രോൾ പമ്പ്, ആയുധം വാങ്ങിയ കട എന്നിവിടങ്ങളിലും തെളിവെടുപ്പിനായി കൊണ്ടുപോയി. രാജേഷിനെ 15 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. കൊലപാതകം നടന്ന ദിവ്യശ്രീയുടെ വീട്ടിലും പരിസരത്തും ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തി.
ദിവ്യശ്രീയെ ആക്രമിക്കുമ്പോൾ തടയാൻചെന്ന അച്ഛൻ വാസുവിനെയും രാജേഷ് ആക്രമിച്ചിരുന്നു. കഴുത്തിനും ചെവിക്കും വെട്ടേറ്റ വാസു കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലാണുള്ളത്. ദിവ്യശ്രീയുടെ മൃതദേഹം ശനിയാഴ്ച രാവിലെ 7.30-ന് പയ്യന്നൂർ പോലീസ് സ്റ്റേഷനിലും എട്ടിന് ചന്തേര പോലീസ് സ്റ്റേഷനിലും 8.30-ന് പലിയേരിക്കൊവ്വൽ എ.വി. സ്മാരക വായനശാലയിലും പൊതുദർശനത്തിന് വെക്കും. 10-ന് കൂക്കാനം ജനകീയശ്മശാനത്തിൽ സംസ്കരിക്കും.