അഴീക്കോട് : കണ്ണൂർ ആയിക്കര തുറമുഖത്തുനിന്ന് മീൻപിടിക്കാൻ പോയി കടലിലകപ്പെട്ട സഫ മോൾ എന്ന ഫൈബർ തോണിയിലെ നാല് തൊഴിലാളികളെയും തിരിച്ചെത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ടിൽ അഴീക്കലിലാണ് ഇവരെ എത്തിച്ചത്. തോണി ഓടിച്ചിരുന്ന ബേപ്പൂർ ചാലിയത്തെ മുജീബ് (35), വടകര കോട്ടപ്പള്ളി ശശി കുര്യൻ (61), ബിഹാർ സ്വദേശി ധനേശ്വർ പ്രസാദ് (30), ആലക്കോട്ടെ എസ്.രജിനേഷ് (60) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ആയിക്കരയിലെ തോട്ടത്തിൽ റിയാസിന്റെ ഉടമസ്ഥതയിലുള്ള സഫ തോണി ഓടിച്ച മുജീബിന് പെട്ടെന്ന് തളർച്ച വന്നതാണ് അപകടത്തിനിടയാക്കിയത്. മുജീബിനെ കണ്ണൂർ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പരിശോധനയ്ക്കുശേഷം വീട്ടയച്ചു. മുജീബിന് തളർച്ച വന്നതോടെയാണ് തോണി നിയന്ത്രണം വിട്ടതെന്ന് തൊഴിലാളികൾ പറഞ്ഞു.