തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടതിന് അപ്പാർട്ട്മെന്റിന് പിഴച്ചുമത്തി. ശിവപുരം – മാലൂർ റോഡിലെ അൽ-സാജ് അപ്പാർട്ട് മെൻ്റിനാണ് പതിനായിരം രൂപ പിഴ ചുമത്തിയത്.കെട്ടിടത്തിന്റെ ഒരു വശത്തായി തയ്യാറാക്കിയ പ്രത്യേക ചെങ്കൽ നിർമ്മിതിയിൽ പ്ളാസ്റ്റിക് കവറുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ, പ്ളാസ്റ്റിക് ബോട്ടിലുകൾ എന്നിവ കൂട്ടിയിട്ടതായി സ്ക്വാഡ് കണ്ടെത്തുകയായിരുന്നു. പന്നി ഫാമിലേക്ക് നൽകുന്നതിനായി ശേഖരിച്ചുവച്ച ഡ്രമ്മുകളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇടകലർത്തിയ നിലയിലായിരുന്നു. നിർമ്മിതി പൊളിച്ചു മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് മാലൂർ ഗ്രാമ പഞ്ചായത്തിന് നിർദ്ദേശം നൽകി. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത മാലൂർ ബസ്റ്റാൻ്റിലെ അമേയ ഫാസ്റ്റ് ഫാസ്റ്റ് ഫുഡിനും ജില്ലാ സ്ക്വാഡ് ആയിരം രൂപ പിഴ ചുമത്തി. പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമാർ,ഷെറീകുൽ അൻസാർ, ധനേഷ് എ എന്നിവർ പങ്കെടുത്തു.