പെരിങ്ങോം : പെരുന്തട്ട മാതിപ്പാറയിൽ ഓയിൽ മിൽ പൂർണ്ണമായും കത്തിനശിച്ചു. മെഷീനുകളും പിണ്ണാക്കും എണ്ണ കാനുകളും പേക്കിംഗ് മെഷീനും വയറിംഗും ഉൾപ്പെടെ കത്തിനശിച്ചു പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. പയ്യന്നൂർ അന്നൂർ കൊരവയൽ സ്വദേശി കെ. എസ്. ഉണ്ണികൃഷ്ണനും ഭാര്യ കാർത്യായണിയുടെയും ഉടമസ്ഥതയിലുള്ള മാതിപ്പാറയിൽ എട്ട് മാസത്തോളമായി പ്രവർത്തിച്ചു വരുന്ന നിർവ്വ ഓയിൽ മില്ലിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. 7 മണിയോടെ മേൽക്കൂര വഴി പുക ഉയരുന്നത് പരിസരവാസികൾ കണ്ടതോടെ ഉടമയെയും പെരിങ്ങോം ഫയർ ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. ഫയർ സ്റ്റേഷൻ സ്റ്റേഷൻ ഓഫീസർ പി.വി. അശോകൻ്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. അപ്പോഴെക്കും യന്ത്രസാമഗ്രികളും സാധനങ്ങളും പൂർണ്ണമായും കത്തിനശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടമ പെരിങ്ങോം പോലീസിൽ പരാതി നൽകി.