കണ്ണൂർ: ഡിഗ്രി വിദ്യാർത്ഥിയെ ആയുധങ്ങൾ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത 18 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്.കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാർത്ഥിയായ മുഴപ്പിലങ്ങാട് കെട്ടിനകത്തെ സൽമാൻ ഫാരിസിൻ്റെ (19) പരാതിയിലാണ് സീനിയർ വിദ്യാർത്ഥികളായ നബീൽ, റിസ്വാൻ, ഷഹീർ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 15 പേർക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തത്. തിങ്കളാഴ്ച ഉച്ചക്ക് 2.45 മണിയോടെ കോളേജിന് സമീപത്തുള്ള ഹോട്ടലിൽ വെച്ചാണ് മൂന്നു പ്രതികളും മറ്റു കണ്ടാലറിയാവുന്ന 15 ഓളം പ്രതികളും ചേർന്ന് പരാതിക്കാരനെ തടഞ്ഞുവെച്ച് ഒന്നാം പ്രതി ബ്ലേഡ് കൊണ്ട് നെഞ്ചിൽ വരഞ്ഞും രണ്ടാം പ്രതി ഇടിക്കട്ട കൊണ്ട് ഷോൾഡറിൽ കുത്തിയും മൂന്നാം പ്രതി നാഭിക്ക് ചവിട്ടിയും ശേഷം പ്രതികൾ ചേർന്ന് അടിച്ചു പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.