പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രത്തിനെതിരായ അപവാദ പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ രമേശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പുല്ലൂപ്പിക്കടവിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ നിർദേശത്തെ തുടർന്ന് കെ.വി സുമേഷ് എം.എൽ.എ ഇടപെടുകയും സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നൽകുകയും ചെയ്ത പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി റെക്കോർഡ് വേഗത്തിലാണ് പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ഇതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകൾ മാത്രമാണ് നിലവിൽ തുറന്നു കൊടുക്കാനുള്ളത്. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ടെക്‌നിക്കൽ കമ്മിറ്റി പരിശോധന നടത്തി മാത്രമേ ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകൾ തുറക്കാൻ കഴിയൂ എന്നതിനാലാണ് പ്രസ്തുത അനുമതി വൈകിയിട്ടുള്ളത്. നിലവിൽ, വാക്ക് വേ, ഇരിപ്പിട സൗകര്യങ്ങൾ, ടോയ്‌ലറ്റ് എന്നിവ അടക്കമുള്ളവ സഞ്ചാരികൾക്ക് തുറന്നു നൽകിയിട്ടുണ്ട്.
പുല്ലൂപ്പി കടവിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ 2024 ജൂലൈ വരെ 55,000 സന്ദർശകർ എത്തി ചേർന്നിട്ടുണ്ട്. ഈ കാലയളവിൽ പ്രസ്തുത കേന്ദ്രത്തിൽ നിന്നുള്ള വരുമാനം 9,49,890 രൂപയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച ഒരു ടൂറിസം കേന്ദ്രമാണ് പുല്ലുപ്പിക്കടവ് ടൂറിസം ഡെസ്റ്റിനേഷൻ.
പ്രസ്തുത ടൂറിസം കേന്ദ്രത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഡി പി ആർ തയ്യാറാക്കി അംഗീകാരത്തിനായി സർക്കാരിനും ടൂറിസം വകുപ്പിനും സമർപ്പിച്ചിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ ടൂറിസം വികസനത്തിൽ പൊതുവിലും നാറാത്ത് ഗ്രാമപഞ്ചായത്തിൽ പ്രത്യേകിച്ചും വലിയ മുതൽക്കൂട്ടായി മാറിക്കൊണ്ടിരിക്കുകയാണ് പുല്ലൂപ്പി കടവ് ടൂറിസം പദ്ധതി.
ഈ പദ്ധതിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നതിന് പിന്നിൽ ഗൂഢമായ താൽപര്യങ്ങളുണ്ട്. നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര പുരോഗതിയുടെ നാഴികക്കകല്ലായി പുല്ലുപ്പിക്കടവ് ടൂറിസം പദ്ധതി ഇതിനകം മാറിയിട്ടുണ്ട്. എത്രയോ കാലമായി ഈ നാടിന്റെ സ്വപ്നമായിരുന്നു ഈ പദ്ധതി. വികസന പ്രവർത്തനത്തിന്റെ സമഗ്ര ആവിഷ്‌കാരത്തിനുള്ള രണ്ടാംഘട്ട ഡിപിആർ പരിഗണിക്കപ്പെടുന്നതോടെ വലിയ വികസന മുന്നേറ്റം തന്നെയാണ് നാറാത്തിന് ഉണ്ടാവുക .
ഇതിന്റെ ഭാഗമായി രണ്ടാംഘട്ട പദ്ധതിക്ക് അനുമതി ലഭിക്കാതിരിക്കാനാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ ഗൂഢ നീക്കം എന്ന് മനസ്സിലാക്കാൻ സാധിക്കും. ടെക്‌നിക്കൽ കമ്മിറ്റിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുന്ന വേളയിൽ ഈ ടൂറിസം പദ്ധതിയെ അപകീർത്തിപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നത്. നിർമ്മാണ ഘട്ടത്തിൽ തന്നെ എല്ലാ ഏജൻസികളും വിശദമായി പരിശോധിച്ചതാണ്. കെൽ ലിമിറ്റഡിന്റെ എഞ്ചിനീയറിംഗ് വിഭാഗം, ഫയർഫോഴ്‌സ്, പി.ഡബ്ല്യു.ഡി, തിരുവനന്തപുരം എൻജിനീയറിങ് കോളേജ് ടെക്‌നിക്കൽ വിഭാഗം, ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ പരിശോധിച്ചു. ഈ മാസം അവസാനത്തോടുകൂടി തന്നെ പദ്ധതിക്ക് ടെക്‌നിക്കൽ കമ്മിറ്റിയുടെ അനുമതി ലഭ്യമാകാനിരിക്കുകയാണ്. തുടർന്ന് ഫ്‌ളോട്ടിംഗ് റസ്റ്റോറൻറ് ഉൾപ്പെടെയുള്ളവ ടെൻഡർ ചെയ്യും. പ്രീ-ബിഡ് മിറ്റിംഗ് അടക്കം നടത്തി അനുമതിക്കായി കാത്തുനിൽ ക്കുന്ന സമയത്ത് പദ്ധതിയെ കരിവാരിത്തേക്കാനും പദ്ധതി അട്ടിമറിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്.
ഈ നാടിന്റെ വികസന കാംക്ഷികളായ എല്ലാവരും ഇത് തിരിച്ചറിയണമെന്നും പുല്ലൂപ്പി ടൂറിസം പദ്ധതിക്കെതിരെ നടത്തുന്ന അപവാദപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും പ്രസിഡൻറ് അഭ്യർഥിച്ചു.