കണ്ണൂർ: ഉന്നതനായ ഒരു ഉദ്യോഗസ്ഥന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ ഒരു ജനപ്രതിനിധി ജനപ്രതിനിധിയായി തുടരുന്നത് തന്നെ സമൂഹത്തിന് അപമാനമാണെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്. ഒരു പെട്രോൾ പമ്പിന്റെ ലൈസൻസുമായി ബന്ധപ്പെട്ട് ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഇത്രയേറെ അരിശം വരാനുള്ളകാരണമെന്താണെന്നും, ഓരോ ഫയലുകളും ഓരോ മനുഷ്യൻ്റെ ജീവിതമാണെന്ന് പറയുമ്പോൾ ആന്തൂരിലെ സാജനും ഒരു മനുഷ്യനായിരുന്നില്ലേ എന്നും അവർ ചോദിച്ചു. സാജൻ ആത്മഹത്യ ചെയ്തത് ഇതുപോലുള്ള ഒരു ഫയൽ വൈകിപ്പിക്കൽ മൂലമായിരുന്നു. എന്നാൽ ഒരു പെട്രോൾ പമ്പിന്റെ ലൈസൻസിന്റെ പേരിൽ ഒരു ഉന്നതഉദ്യോഗസ്ഥന് ജീവിതം നഷ്ടപ്പെടുത്തേണ്ടതായ ഒരു സാഹചര്യം ഉണ്ടാക്കിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ഒരു സി.പി.എമ്മുകാരി എന്നതല്ലാതെ പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാതിരിക്കാൻ മറ്റെന്ത് പ്രിവിലേജാണ് അവർക്കുള്ളതെന്ന് പൊലീസ് വ്യക്തമാക്കണം. കേരളത്തിലെ പൊലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും കുറ്റം തെളിയിക്കുന്നതിലും ഇന്ത്യയിൽതന്നെ മുൻനിരയിൽ നിൽക്കുന്ന പൊലീസാണ്. എന്നാൽ കൺമുമ്പിലുള്ള ഒരു പ്രതിയെ അറസ്റ്റ് ചെയ്യാതെ അവരുടെ ചെയ്തികൾക്ക് കൂട്ടുനിൽക്കുകയാണ് ഇപ്പോൾ പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇനി കുറ്റപത്രത്തിൽ പോലും മായം കലരുമോ എന്നാണ് നാം ശ്രദ്ധിക്കേണ്ടത്. വാളയാറിൽ കൊല്ലപ്പെട്ട ഇരട്ടപെൺകുട്ടികളുടെകുറ്റപത്രത്തിൽ പ്രതികളെ രക്ഷപ്പെടുത്താൻ പൊലീസ് നടത്തിയ ഗൂഢാലോചന കേരളം കണ്ടതാണല്ലോ. മുൻകൂർജാമ്യത്തിന് നൽകിയ അപേക്ഷയിൽ പോലും നവീൻബാബുവിന്റെ ആത്മഹത്യയെ ന്യായീകരിക്കുകയാണ് പി.പി ദിവ്യ ചെയ്തത്. പി.പി ദിവ്യയുടെ ഈ ചെയ്തി സ്ത്രീത്വത്തിന് തന്നെ അപമാനമാണെന്നും സുഹറ മമ്പാട് കൂട്ടിച്ചേർത്തു.
വനിതാ ലീഗ് തുടങ്ങിവെച്ച പ്രക്ഷോഭ പരിപാടികൾ നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ തുടരുമെന്നും അവർ പറഞ്ഞു.വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഡി.എം നവീൻബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യയെഅറസ്റ്റ്ചെയ്യാത്തപോലീസ്നടപടികൾതിരുത്തിദിവ്യയെഉടൻഅറസ്റ്റ്ചെയ്യണമെന്നും, മരണത്തിന് ഉത്തരവാദികളായ ജില്ലാ കലക്ടർക്കും ടി.വി പ്രശാന്തിനുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി സീനത്ത് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽകരീം ചേലേരി, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി സാജിത ടീച്ചർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി സഫിയ, സെക്രട്ടറിയേറ്റ് മെമ്പർ റോഷ്നി ഖാലിദ്, ജില്ലാ ജനറൽ സെക്രട്ടറി ഷമീമ ജമാൽ, ട്രഷറർ സക്കീന തെക്കയിൽ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉഷാകുമാരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ എം.കെ.ഷബിത, റംസീന റൗഫ്, സൈനബ അരിയിൽ, സാജിത ഇസ് ഹാക്ക്, ഷെറിൻ ചൊക്ലി, റൈഹാനത്ത് സുബി , അമീന ടീച്ചർ, നാജിയ മട്ടനൂർ നേതൃത്വം നൽകി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉഷകുമാരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധ കൂട്ടായ്മക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി.