നീലേശ്വരം: സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ. കൂട്ടുകാരിയെ പോലീസ് മാപ്പുസാക്ഷിയാക്കും. കരിന്തളത്തെ പ്രസാദിൻ്റെ ഭാര്യഎം. വി. രമ്യ (32), കണ്ണൂർ സ്വദേശിയും കരിന്തളത്ത് താമസക്കാരനുമായ ഷിജിത്ത്, എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. മൂന്നാം പ്രതി രതി കലയെ പോലീസ് മാപ്പുസാക്ഷിയാക്കും. കരിന്തളം സർവ്വീസ് കോ.ഓപ്പറേറ്റീവ് ബേങ്ക് സെക്രട്ടറി വി. മധുസൂദനൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചക്ക് 2.30 മണിക്ക് ബേങ്കിൻ്റെ മെയിൻ ബ്രാഞ്ചിൽ പ്രതികൾ സ്വർണ്ണ പണ്ടത്തിന്മേൽ വായ്പ എടുക്കുന്നതിന് 26.400 ഗ്രാം വ്യാജ സ്വർണംവെച്ച് ബേങ്കിനെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ ബേങ്ക് അധികൃതർ പോലീസിൽ പരാതി നൽകി. കേസെടുത്തപോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.