Thursday, May 8, 2025
HomeKannurകേന്ദ്ര റോഡ് ഫണ്ടിൽ സി.പി.എം സ്മാരകം: അന്വേഷണം ആവശ്യപ്പെട്ട് കെ.സുധാകരൻ

കേന്ദ്ര റോഡ് ഫണ്ടിൽ സി.പി.എം സ്മാരകം: അന്വേഷണം ആവശ്യപ്പെട്ട് കെ.സുധാകരൻ

കണ്ണൂർ: പിണറായി എരുവട്ടി പാനുണ്ടയിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പേര് നാൽപ്പാടി വാസുവിന്റെ സ്മരണയ്ക്ക് എന്നുമാറ്റിയ സി.പി.എം നടപടിക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തുനൽകി.
സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് എം.പി. കേന്ദ്ര മന്ത്രിക്ക് കത്തുനൽകിയത്. കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ ചിഹ്നങ്ങളും മറ്റും നീക്കം ചെയ്യണമെന്നും ഇത്തരത്തിൽ പക്ഷപാതപരമായ ദുരുപയോഗങ്ങൾ രാജ്യത്തെവിടെയും ആവർത്തിക്കാതിരിക്കാൻ കർശനമായ മാർഗ്ഗനിർദ്ദേശം നൽകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

സെൻട്രൽ റോഡ് ഫണ്ട് വിനിയോഗത്തിൽ ദേശീയപാത ഹൈവേ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് എൻജിനിയറിനും , പി.ഡബ്ഡള്യു.ഡിക്കും ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ കാത്തിരിപ്പ് കേന്ദ്രത്തിന് പകരമാണ് പുതിയത് നിർമ്മിച്ചത്. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരണവും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചത്. സർക്കാർ ഫണ്ട് ഒരു കാരണവശാലും സ്വകാര്യ ആവശ്യത്തിനും രാഷ്ട്രീയ ആവശ്യങ്ങൾക്കും ഉപയോഗിക്കരുതെന്ന് കർശന വ്യവസ്ഥയുണ്ട്. അതാണ് സി.പി.എം ലംഘിച്ചതെന്നും സുധാകരൻ ആരോപിച്ചു.

സർക്കാർ ഫണ്ട് രാഷ്ട്രീയ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്തതു വഴി സി.പി.എം അതിന്റെ പവിത്രതയെയാണ് ഇല്ലാതാക്കിയത്. ഇത് തെറ്റായ മാതൃക സൃഷ്ടിക്കുന്നതാണ്. സി.പി.എം രക്തസാക്ഷികളെ മഹത്വവത്കരിക്കാൻ സെൻട്രൽ റോഡ് ഫണ്ട് ഉപയോഗിച്ചത് വഴി കേന്ദ്ര ഫണ്ട് ഉപയോഗ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് പ്രവർത്തിച്ചത്.

കെ.സുധാകരൻ എം.പി

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!