കണ്ണൂർ: തളിപ്പറമ്പിൽ സർ സയ്യിദ് കോളേജിന് പാട്ടത്തിന് നൽകിയ
വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന മുസ്ലീം ലീഗിന് വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധിക്കാൻ എന്തർഹതയാണുള്ളതെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
1964 ൽ ജസ്റ്റിസ് വി ഖാലിദ് പ്രസിഡണ്ടായി രൂപീകരിച്ച കണ്ണൂർ ഡിസ്റ്റിക്സ് മുസ്ലീം എഡ്യുക്കേഷണൽ അസോസിയേഷൻ ഉത്തര മലബാറിലെ മുസ്ലീങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാനാണ് 1967 തളിപ്പറമ്പിൽ സർ സയ്യിദ് കോളേജ് തുടങ്ങിയത്. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുടെ നേതൃത്വത്തിലാണ് കോളേജിന്റെ പ്രവർത്തനമാരംഭിച്ചത്. രാഷ്ടീയത്തിന് അതീതമായാണ് ആദ്യ കാലത്ത് സ്ഥാപനത്തിന്റെ പ്രവർത്തനം. അത് കൊണ്ടു തന്നെ തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെകൈവശമുള്ള 22 ഏക്കർ ഭൂമി കൊളേജിന്നായി 99 വർഷത്തേക്ക് പാട്ടത്തിന് നൽകി.ആദ്യ കാലത്തെ നേതാക്കളുടെ വിയോഗത്തോടെ എഡ്യുക്കേഷൻ അസോസിയേഷൻ മുസ്ലീം ലീഗ് കൈപ്പിടിയിലാക്കാൻതുടങ്ങിയെന്നും ഓരോ അംഗം മരിക്കുമ്പോഴും പാർട്ടി ബന്ധമുള്ളവരെ മാത്രം കമ്മിറ്റിയിൽ തുരുകി കയറ്റിയെന്നും കാസിം ഇരിക്കൂർ ആരോപിച്ചു. പള്ളി കമ്മിറ്റിയും എഡ്യുക്കേഷനും ഒരേ കൂട്ടരുടെ കൈകളിലേക്ക് വന്നപ്പോൾ അഴിമതിയും സ്വജന പക്ഷപാതവും കൊടികുത്തി വാഴാൻ തുടങ്ങി. ഇത് കണ്ട് സഹികെട്ട തളിപ്പറമ്പ് വാസികൾ മാറ്റങ്ങൾക്ക് വേണ്ടി പോരാടിയതിനാലാണ് 2004 ൽ പാട്ടത്തുക 3000 രൂപയാക്കാനും പിന്നീട് മൂന്നു ലക്ഷം രൂപയായി വർദ്ധി പ്പിക്കുന്നതിനും കാരണമായത്.
അതിനിടെ എഡ്യുക്കേഷൻ അസോസിയേഷൻ വഖഫ് സ്വത്തിന്റെ തണ്ടപ്പേര് തങ്ങളുടെ പേരിലേക്ക് മാറ്റുകയും നികുതി അടക്കുകയും ചെയ്തത് കമ്മിറ്റിക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്.കമ്മിറ്റിക്ക് കീഴിലുള്ള സീതി സാഹിബ്ഹൈസ്കൂളിലും മറ്റു സ്ഥാപനങ്ങളിലും വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. ലീഗ് നേതാവ് വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് സീതി സാഹിബ് സ്കൂളിന് അഡീഷണൽ പ്ലസ് വൺ ബാച്ച് അനുവദിച്ച് കിട്ടുന്നതിനായി 15 ലക്ഷം രൂപ മാറ്റിയതിന്റെ കണക്ക് വഖഫ് ബോർഡിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ വെളിപ്പെട്ടിട്ടുണ്ടെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി. പാട്ടത്തിനെടുത്ത ഭൂമി തട്ടിയെടുക്കാൻ മുസ് ലിം ലീഗ് നേതൃത്വം നീക്കമാരംഭിച്ചത് വഖഫ് നിയമ ഭേദഗതി രാജ്യമാകെ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ദേശീയ തലത്തിൽ തന്നെ വിവാദമായിരിക്കയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ്ഷാ മുനമ്പം വിഷയത്തിൽ പാർലമെൻ്റിൽ തളിപറമ്പ് സർസയ്യിദ് കോളേജിനേയും പള്ളിക്കമ്മറ്റിയിൽ നിന്ന് ഭൂമി കൈക്കലാക്കാൻ ജില്ലാമുസ്ലീം ലീഗ് ഭാരവാഹികൾ എജുക്കേഷൻ അസോസിയേഷനെ മറയാക്കി നടത്തിയ കള്ളക്കളികളെയും പ്രതിക്കൂട്ടിൽ നിർത്തിയിരിക്കയാണെന്നും കാസിം പറഞ്ഞു . പാണക്കാട് സാദിഖലി തങ്ങൾ ഖാദിയായ തളിപ്പറമ്പ് പള്ളിയുടെ ഭൂമി തട്ടിയെടുക്കുമ്പോൾ മൗനം പാലിക്കുന്ന പാർട്ടി നേതൃത്വത്തിന് മോദി സർക്കാർ കൊണ്ടുവന്ന വഖഫ് നിയമത്തെ എതിർക്കാനും പ്രതിഷേധിക്കാനും എന്തർഹതയാണുള്ളതെന്ന് കാസിം ചോദിച്ചു. വ്യാജ തന് പേരുണ്ടാക്കി സ്ഥലം തട്ടിയെടുക്കാനാണ് തളിപറമ്പിലെ ലീഗിൻ്റെ രണ്ട് ജില്ലാ ഭാരവാഹികൾ ചെയ്തത്. ഇതിനായി ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചു വെന്നും കാസിം ഇരിക്കൂർ പറഞ്ഞു. വഖഫ് ഭൂമി സ്വന്തം പേരിലാക്കി ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന എഡ്യുക്കേഷൻ സൊസൈറ്റി നടത്തുന്ന നീക്കങ്ങൾക്കെതിരെ സമാന മനസ്ക്കരായ ജനാധിപത്യ പാർട്ടികളുമായി ചേർന്ന് പ്രതിഷേധ സമരം നടത്തുമെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ഇക്ബാൽ പോപ്പുലർ , സിറാജ് തയ്യിൽ, അസ്ലം പിലാക്കൂൽ, ഹമീദ് ചെങ്ങളായി എന്നിവരും പങ്കെടുത്തു.